പൊക്കുടൻ നട്ടുവളർത്തിയ കണ്ടലുകൾ വനമായി, പക്ഷികൾക്ക് പറുദീസയും
1300261
Monday, June 5, 2023 12:36 AM IST
പഴയങ്ങാടി: പഴയങ്ങാടി പുഴയിൽ പടർന്ന് പന്തലിച്ചു നിൽക്കുന്ന കണ്ടൽക്കാടുകൾ പക്ഷികളുടെ ഇഷ്ടതാവളമായി മാറുന്നു. ചെറുതും വലുതുമായ ആയിരക്കണക്കിന് പക്ഷികളാണ് കണ്ടൽക്കാടുകളിൽ ചേക്കേറുന്നത്. നാടൻ കൊക്കുളും നീർപക്ഷികളുമടക്കം നീർപക്ഷികളിലെ ഏറ്റവും വലിയ പക്ഷിയെന്ന് വിശേഷിപ്പിക്കുന്ന കണ്ടിയപ്പൻ കൊക്കു വരെ ഈ കണ്ടൽക്കാടുകളിലുണ്ട്. കല്ലേൻ പൊക്കുടൻ നട്ടു വളർത്തിയ കണ്ടൽച്ചെടികളാണ് ഇപ്പോൾ കണ്ടൽക്കാടുകളായി മാറി പക്ഷികളുടെ താവളമായി മാറിയത്.
20 വർഷംമുമ്പ് റോഡ് വികസനത്തിന്റെ പേരിൽ കണ്ടൽ കാടുകൾ വെട്ടിമാറ്റിയപ്പോഴാണ് കണ്ടൽ സംരക്ഷണത്തിനായി കല്ലേൻ പൊക്കുടൻ കണ്ടൽത്തൈകൾ വച്ചു പിടിപ്പിക്കാനാരംഭിച്ചത്.
തുടക്കത്തിൽ പൊക്കുടനെ പലരും ഭ്രാന്തൻ എന്ന് പരിഹസിച്ചെങ്കിലും അതൊന്നും കണക്കിലെടുക്കാതെ പൊക്കുടൻ കണ്ടൽ തൈകൾ നട്ട് അവ വളരുന്നതിനായി കാവലിരുന്ന് വളർത്തുകയായിരുന്നു. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ ഉള്ളമേഖലകളാണ് ഏഴോം,പട്ടുവം,ചെറുകുന്ന്,കുഞ്ഞിമംഗലം,കണ്ണപുരം,മാട്ടൂൽ പഞ്ചായത്തുകൾ. കണ്ടൽപരപ്പുകൾ പൂർണമായും സംരക്ഷിക്കാൻ ഈ മേഖലയെ കണ്ടൽ ഹെറിറേണ്ട് സെന്ററായി ഉയർത്തണമെന്നും ആവശ്യമുയരുന്നുണ്ട്. കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുൻകാലത്തെ മന്ത്രിമാർ പലരും പ്രഖ്യാപനങ്ങൾ നടത്തിയിരുന്നെങ്കിലും ഫലപ്രദമായ നടപടികൾ ഒന്നും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.