ലക്ഷ്മണന് പരിസ്ഥിതി പ്രവർത്തനം കേവലം ദിനാചരണമല്ല
1300262
Monday, June 5, 2023 12:36 AM IST
പെരുമ്പടവ്: ചപ്പാരപ്പടവിലെ മണാട്ടിയിലെ കെ.സി. ലക്ഷ്മണനെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി ദിനമായ ഇന്ന് വലിയ പ്രത്യേകതകളൊന്നുമില്ലാത്ത പതിവ് ദിനമാണ്. കാരണം കെ.സി. ലക്ഷ്ണന്റെ ജീവിതത്തിൽ വർഷത്തിലെ എല്ലാ ദിവസവും പരിസ്ഥിതിദിനം തന്നെയാണന്നത് തന്നെ. തന്റെ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലത്ത് പച്ചതുരുത്തൊരിക്കിയതിനൊപ്പം പൊതുസ്ഥലങ്ങളിലും പച്ചപ്പൊരുക്കിയും പുഴയോര സംരക്ഷണ പ്രവർത്തനങ്ങളുമൊക്കെയായി വർഷം മുഴുവൻ ഇദ്ദേഹം പരിസ്ഥിതി പ്രവർത്തനത്തിൽ വ്യാപൃതനാണ്.
പുഴയോര സംരക്ഷണമുൾപ്പെടെയുള്ള കാര്യങ്ങളിൽ അധികാരികളുടെ ഭാഗത്ത് നിന്നും വേണ്ട രീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകാത്തതിനെ തുടർന്ന് സ്വയം പുഴയോര സംരക്ഷണത്തിനായി പ്രവർത്തിക്കുകയാണ് ലക്ഷ്മണനിപ്പോൾ. മണാട്ടി പുഴയോരത്ത് ഇതിനകം തന്നെ വലിയ തോതിൽ മുളകൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. നട്ടുപിടിപ്പിക്കാനായി 250 ഓളം മുളകളുടെയും ഓടകളുടെയും തൈകൾ കൂടയിൽ പാകി സംരക്ഷിച്ചു വരികയാണ്. ഇവിടെ പ്രവർത്തിക്കുന്ന പുഴയോര സംരക്ഷണ സമിതിക്ക് നേതൃത്വം നൽകുന്നതും ലക്ഷ്മണൻ തന്നെയാണ്. വായുമലിനീകരണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി എന്ന തിരിച്ചറിവാണ് തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കു പ്രേരിപ്പിച്ചതെന്ന് ലക്ഷ്മണൻ പറഞ്ഞു.