ശുചിത്വ സന്ദേശവുമായി കാക്ക ശില്പം
1300272
Monday, June 5, 2023 12:39 AM IST
പയ്യന്നൂർ: പരിസ്ഥിതി ദിനത്തിൽ പരിസര ശുചിത്വ സന്ദേശമേകാൻ പയ്യന്നൂരിൽ കാക്ക ശില്പം. പയ്യന്നൂർ നഗരസഭ ശുചിത്വമിഷന്റെ നേതൃത്വത്തിൽ പയ്യന്നൂരിന്റെ കിഴക്കേ കവാടമായ പെരുമ്പ ദേശീയ പാതക്ക് സമീപം സ്ഥാപിക്കാനാണ് ശില്പം തയാറായത്. ശുചിത്വമിഷ്യന്റെ ലോഗോയായ ചൂല് കൊത്തിയെടുത്ത് നിൽക്കുന്ന കാക്കയുടെ ശില്പമാണ് പ്രശ്സ്ത ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ ഒരുങ്ങിയത്. എട്ടടി നീളത്തിലും അഞ്ചടി ഉയരത്തിലുമുള്ള കാക്കയെ കളിമണ്ണിൽ നിർമിച്ച ശേഷം ഫൈബർ ഗ്ലാസിലേക്ക് മാറ്റുകയായിരുന്നു.
പരിസ്ഥിതി ദിനമായ ഇന്നു വൈകുന്നേരം അഞ്ചിന് പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ശില്പത്തിന്റെ പ്രകാശനകർമം നിർവഹിക്കും. എലഗന്റ് കിച്ചൻ എന്ന സ്ഥാപനമാണ് കാക്ക ശില്പത്തിന്റെ നിർമാണ ചുമതല നിർവഹിച്ചിരിക്കുന്നത്. സുരേഷ് അമ്മാനപ്പാറ, ബാലൻ പാച്ചേനി, വിനേഷ് കൊയക്കീൽ, ബിജു കൊയക്കീൽ, മിഥുൻ കാനായി, ടി.കെ. അഭിജിത്ത് എന്നിവർ കാക്കശില്പ നിർമാണത്തിൽ സഹായികളായി.