മാട്ടറയിൽ ജനകീയാസൂത്രണം രജത ജൂബിലി സമാപിച്ചു
1300278
Monday, June 5, 2023 12:39 AM IST
മാട്ടറ: കഴിഞ്ഞ ഒരു വർഷത്തിലധികമായി ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡിൽ നടന്നു വന്ന ജനകീയാസൂത്രണം രജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. വ്യത്യസ്തങ്ങളായ ഇരുപത്തിമൂന്ന് ഇന പ്രവർത്തങ്ങളാണ് വാർഡിൽ പൂർത്തിയാക്കി. കഷ്ടതയനുഭവിക്കുന്ന 21 കുടുംബങ്ങളെ പ്രവാസികൾ ഏറ്റെടുക്കുന്ന സ്നേഹസ്പർശം പദ്ധതിയും അടിയന്തര അപകട ഘട്ടങ്ങളിൽ സഹായം നൽകുന്ന സ്നേഹജീവനം പരിപാടിയും ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. സ്നേഹസ്പർശം പരിപാടി ഉദ്ഘാടനവും പ്രതിഭകൾക്കുള്ള ആദരവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ചാക്കോ പാലക്കലോടി, വാർഡ് വികസന സമിതി കൺവീനർ തോമസ് പുന്നകുഴി, പി.കെ. ശശി, എ.ജെ. ജോസഫ്, മാത്യു ഉള്ളാഹ, ടി.ജെ. ജോർജ്, സുലോചന ദിനേശ്, ആൻമരിയ ഷാജു, സരുൺ തോമസ്, അനൂപ് തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.