ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു
1300284
Monday, June 5, 2023 12:42 AM IST
മട്ടന്നൂർ: സംസ്ഥാനത്തു നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം കണ്ണൂരിൽനിന്നും യാത്ര തിരിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് ഇന്നലെ പുലർച്ചെ 1.30ന് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.
145 പേരടങ്ങിയ സംഘമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ജിദ്ദയിലേക്ക് പുറപ്പെട്ടത്. കെ.കെ. ശൈലജ എംഎൽഎ, മുൻ എംഎൽഎ എം.വി. ജയരാജൻ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബർ, മട്ടന്നൂർ നഗരസഭാ മുൻ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, എംബാർക്കേഷൻ നോഡൽ ഓഫീസർ എം.സി.കെ. അബ്ദുൾ ഗഫൂർ, ഹജ്ജ് സെൽ ഓഫീസർ എൻ. നജീബ്, കിയാൽ എംഡി സി. ദിനേഷ് കുമാർ എന്നിവർ പങ്കെടുത്തു.
22 വരെയായി വിവിധ ദിവസങ്ങളിൽ 13 വിമാനങ്ങളാണ് കണ്ണൂരിൽനിന്ന് സർവീസ് നടത്തുന്നത്. 22ന് ഉച്ചകഴിഞ്ഞ് 3.30നാണ് അവസാനത്തെ സർവീസ്. ഒന്നിടവിട്ട ദിവസങ്ങളിലാണ് കണ്ണൂരിൽ നിന്നുള്ള ഹജ്ജ് സർവീസുകൾ. ആകെ 1947 പേരാണ് കണ്ണൂരിൽനിന്ന് ഹജ്ജ് തീർഥാടനത്തിന് പോകുന്നത്.