കണിച്ചാറിൽ കാട്ടാന കൃഷി നശിപ്പിച്ചു
1300750
Wednesday, June 7, 2023 12:55 AM IST
കണിച്ചാർ: കേളകം കാളികയത്ത് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മൂന്നുദിവസമായി തുടരുന്ന കാട്ടാന അക്രമണത്തിൽ കളത്തിൽ പറമ്പിൽ ബേബി, ജോസ്, കോട്ടുപറമ്പിൽ ബെന്നി, പുത്തൻ പറമ്പിൽ ത്രേസ്യാമ്മ എന്നിവരുടെ കൃഷി നശിച്ചു. ആറളം ഫാമിൽ നിന്നും എത്തുന്ന കാട്ടാനയാണ് പ്രദേശത്ത് നാശം ഉണ്ടാക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടാനകളെയോ വന്യമൃഗങ്ങളെയോ പ്രതിരോധിക്കാൻ യാതൊരുവിധ സുരക്ഷ നടപടികളും ഈ പ്രദേശത്തിൽ വനംവകുപ്പ് സ്വീകരിക്കാതെ നിസംഗത തുടരുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. കണിച്ചാർ ടൗണിന്റെ അര കിലോമീറ്റർ അടുത്ത് ജനവാസ മേഖലയിൽ കാട്ടാന എത്തിയിതോടെ ജനം കടുത്ത ഭീതിയിലാണ്. ഒരു വശത്ത് കാട്ടാനകളെ പ്രതിരോധിക്കാൻ വൈദ്യുത തൂക്കുവേലിയും, മറ്റൊരു വശത്ത് ആന പ്രതിരോധമതിലും ഉണ്ട്. ഇതിൽ രണ്ടിനേയും ഇടയിലുള്ള തങ്ങളുടെ ജീവന സ്വത്തിനും ആര് സംരക്ഷണം നൽകും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പ്രദേശം സന്ദർശിച്ചു. കാട്ടാനകളെ പ്രതിരോധിക്കാനുള്ള നടപടി വനം വകുപ്പ് എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് കിഫ കേളകം പത്തായത്ത് ഒന്നാം വാർഡ് കമ്മിറ്റി സെക്രട്ടറി വിനോദ് കെ. ആന്റണി ആവശ്യപ്പെട്ടു.