ഉരുൾപൊട്ടൽ: പ്രത്യേക പാക്കേജിൽ സന്തോഷമെന്ന് സണ്ണി ജോസഫ് എംഎൽഎ
1300752
Wednesday, June 7, 2023 12:55 AM IST
കണിച്ചാർ: ദുരന്തം ഉണ്ടായി പത്തുമാസം പിന്നിട്ടെങ്കിലും പ്രത്യേക പാക്കേജ് കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് സണ്ണി ജോസഫ് എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിന് പിറ്റേന്ന് ദുരന്ത ബാധ്യത മേഖലകൾ സന്ദർശിച്ച ശേഷം പൂളക്കുറ്റി പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗത്തിലും പ്രത്യേക പാക്കേജ് എന്ന ആവശ്യം ഉന്നയിച്ചു. തുടർന്ന് മുഖ്യമന്ത്രിയേയും റവന്യൂ മന്ത്രിയേയും നേരിട്ട് കണ്ട് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യം ഉന്നയിച്ചതാണ്. തുടർന്നും നടപടി ഇല്ലാതായതോടെ നിയമസഭയിൽ അടിയന്തര സബ് മിഷനായി വിഷയം അവതരിപ്പിച്ചു. ഉടൻ പരിഹരിക്കാം എന്ന ഉറപ്പും മന്ത്രി നൽകിയതാണ്. താലൂക്ക് വികസനസമിതി യോഗങ്ങളിലും ജില്ലാ വികസന സമിതി യോഗങ്ങളിലും നിരന്തരം കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, നെടുംപുറംചാൽ മേഖലയിലെ ഉരുൾപൊട്ടൽ വിഷയങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രത്യേക പാക്കേജ് ദുരന്തബാധിത മേഖലയിലെ ആളുകൾക്ക് താത്കാലിക ആശ്വാസം നൽകുന്നതാണ്. നഷ്ടങ്ങൾ പൂർണമായും നികത്താൻ കഴിയില്ലെങ്കിലും ഒരാശ്വാസമാകും എന്നാണ് പ്രതീക്ഷ.
വലിയ ആശ്വാസം:
കണിച്ചാർ
പഞ്ചായത്ത് പ്രസിഡന്റ്
ഉരുൾപൊട്ടൽ ഉണ്ടായതിന്റെ അഞ്ചാം ദിവസം മുഖ്യമന്ത്രിയെ കണ്ടു നിവേദനം നൽകിയപ്പോൾ പാക്കേജ് അനുവദിക്കാം എന്ന ഉറപ്പ് അദ്ദേഹം നൽകിയിരുന്നു. ഇതിന്റെഅടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രത്യേക പാക്കേജ് അനുവദിച്ച് ഉത്തരവായിരിക്കുന്നത്. ദുരിതബാധിത മേഖലയിൽ വലിയ ആശ്വാസമാണ് പ്രത്യേക പാക്കേജ് മൂലമുള്ള സാമ്പത്തിക സഹായം കൊണ്ട് ലഭിക്കുന്നത്.