വാണിജ്യ നികുതി ചെക്ക്പോസ്റ്റ് കെട്ടിടം കാട് കയറി നശിക്കുന്നു
1300753
Wednesday, June 7, 2023 12:55 AM IST
കൂട്ടുപുഴ: കിളിയന്തറയിലെ വാണിജ്യ നികുതി ചെക്ക് പോസ്റ്റ് കെട്ടിടവും സ്ഥലവും ലക്ഷങ്ങൾ വിലമതിക്കുന്ന അനുബന്ധ ഉപകരണങ്ങളും കാടുകയറി നശിക്കുന്നു. 2017 ൽ ജിഎസ്ടി സംവിധാനം നിലവിൽ വന്നതോടെയാണ് വാണിജ്യ നികുതി വിഭാഗത്തിന്റെ കിളിയന്തറയിലെ ചെക്ക് പോസ്റ്റ്, ഓഫീസ് എന്നിവയുടെ പ്രവർത്തനം പൂർണമായും നിലച്ചത്. ഇതോടെ കെട്ടിടവും അനുബന്ധ സംവിധാനങ്ങളും കാടുകയറി നശിച്ചു തുടങ്ങി.
കോവിഡ് കാലത്ത് അന്തർ സംസ്ഥാന യാത്രക്കാരുടെ പരിശോധനകളും മറ്റുമായി ആരോഗ്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് ഈ കെട്ടിടം ഉപയോഗിച്ചിരുന്നു. 1984 ഓഗസ്റ്റ് 28 ന് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന കെ.എം. മാണി ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് ഇന്ന് അനാഥമായി കാടുകയറി നശിക്കുന്നത്.
ലക്ഷങ്ങൾ വിലവരുന്ന ജനറേറ്റർ സംരക്ഷിക്കാത്തതിനാൽ നാശത്തിന്റെ വക്കിലാണ്. ശീതികരണ ഉപകരണങ്ങൾ അടയ്ക്കം കോവിഡ് സമയത്ത് നിർമിച്ച ക്യാബിനും തകർന്നു. ഇതിനു സമീപത്തുള്ള വേവ് ബ്രിഡ്ജിന്റെ അനുബന്ധ കെട്ടിടങ്ങളും നശിച്ചു തുടങ്ങിയിരിക്കുന്നു. എക്സൈസ് വകുപ്പ് കൂട്ടുപുഴയിലെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്തോടെ ഇവിടെയുള്ള രണ്ട് കെട്ടിടങ്ങളും അനാഥമാകും.
ഓഫീസായി
ഉപയോഗിക്കാം
നിരവധി സർക്കാർ ഓഫീസുകൾ ഇന്നും വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചു വരുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന ഇത്തരം സർക്കാർ വക കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നവരും നിരവധിയാണ്.
ലക്ഷങ്ങൾ വിലമതിക്കുന്ന പൊതുമുതലുകൾ വിവിധ വകുപ്പുകളുടെ വടംവലിയിൽ നഷ്ടപെടാതെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണമെന്നാണ് ജനത്തിന്റെ ആവശ്യം.