പലകയിളകി കോലുവള്ളി പാലം: എത്രനാൾ ഈ ദുരന്തയാത്ര...
1300754
Wednesday, June 7, 2023 12:56 AM IST
ചെറുപുഴ: കാര്യങ്കോട് പുഴയ്ക്ക് കുറുകെ കണ്ണൂർ - കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന കോലുവള്ളി തൂക്കുപാലം അപകടത്തിൽ. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന പാലത്തിന്റെ പലകകൾ ദ്രവിച്ച് പൊട്ടിവീഴുകയാണ്.
പലകകൾ ഒടിഞ്ഞു വീണ പാലത്തിൽ കൂടെ ഇതോടെ സാഹസിക യാത്രയാണ് നാട്ടുകാർ നടത്തുന്നത്. ചെറുപുഴ ജെഎം യുപി സ്കൂൾ, കന്നിക്കളം ആർക്ക് ഏയ്ഞ്ചൽ സ്കൂൾ, കന്നിക്കളം നവജ്യോതി കോളജ്, ചെറുപുഴ സെന്റ് മേരീസ് സ്കൂൾ, സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിലെത്തുന്ന വിദ്യാർഥികളും കോലുവള്ളി ഹോളിഫാമിലി ദേവാലയത്തിലേയ്ക്ക് എത്തുന്നവരും കോലുവള്ളി ടൗണിനെ ആശ്രയിക്കുന്ന മുനയംകുന്ന് നിവാസികൾക്കും കോലുവള്ളി തൂക്ക്പാലമാണ് ആശ്രയം.
കാസർഗോഡ് ജില്ലയിലെ ഈസ്റ്റ്എളേരി പഞ്ചായത്തിൽ നിന്നും കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 35 വർഷത്തിലേറെ പഴക്കമുണ്ട്. കാലാകാലങ്ങളിൽ നടത്തേണ്ട അറ്റകുറ്റപ്പണികൾ നടത്താത്തതാണ് പാലത്തിന്റെ തകർച്ചയ്ക്ക് പ്രധാന കാരണം. പാലം ഉപയോഗിക്കുന്നവർ കൂടുതലും ഈസ്റ്റ്-എളേരി പഞ്ചായത്തിലുള്ളവരാണെങ്കിലും പാലം ചെറുപുഴ പഞ്ചായത്തിലാണ്. പാലത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ഈസ്റ്റ്-എളേരി പഞ്ചായത്ത് പണം വകയിരുത്താറില്ല.
ഈ വർഷം ഗ്രാമ സഭയിൽ നാട്ടുകാർ പാലത്തിന്റെ വിഷയം അവതരിച്ചതിനാൽ അറ്റകുറ്റപണിക്കായി ചെറുപുഴ പഞ്ചായത്ത് രണ്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ മഴക്കാലം ശക്തമാകുന്നതിന് മുമ്പ് പണികൾ തീർക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. നിർമാണ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ദിവസം കോലുവള്ളിയിൽ പഞ്ചായത്തംഗം ജോയിസി ഷാജിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
മൂന്ന് വർഷം മുൻപാണ് പാലം അവസാനമായി അറ്റകുറ്റപ്പണികൾ നടത്തിയത്. അന്ന് കോലുവള്ളി- മുനയംകുന്ന് തൂക്കുപാലം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പണികൾ നടത്തിയിരുന്നത്. 147 റണ്ണറുകളുള്ള പാലത്തിന്റെ 25 റണ്ണറുകളും പലകകൾ മുഴുവനും മാറ്റണമെന്നാണ് എൻജിനിയർ നിർദ്ദേശിച്ചിരിക്കുന്നത്. തൂക്കുപാലത്തിന് പകരമായി കാര്യങ്കോട് പുഴയ്ക്ക് റെഗുലേറ്റർ - കം - ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ഇതിനായി ജനകീയ കമ്മിറ്റിയുടെ നേതൃത്തത്തിൽ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെങ്കിൽ റെഗുലേറ്റർ - കം ബ്രിഡ്ജ് നിലവിൽ വരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.