മട്ടന്നൂരിൽ മുൻസിഫ് കോടതി തുടങ്ങുമെന്ന് ആഭ്യന്തരവകുപ്പ്
1300979
Thursday, June 8, 2023 12:45 AM IST
മട്ടന്നൂർ: മട്ടന്നൂരിൽ മുൻസിഫ് കോടതി തുടങ്ങാൻ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. മട്ടന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് സി.കെ. ലോഹിതാക്ഷനെയാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് രണ്ടുഘട്ടങ്ങളിലായി അനുവദിക്കപ്പെട്ട കോടതികളിൽ തുടങ്ങാൻ ബാക്കിയുള്ള മൂന്നു കോടതികളും ഒരു എസ്സി-എസ്ടി കോടതിയും സ്ഥാപിക്കുന്ന മുറയ്ക്ക് മുൻഗണനാ അടിസ്ഥാനത്തിൽ മട്ടന്നൂരിൽ മുൻസിഫ് കോടതി സ്ഥാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
മുൻസിഫ് കോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂർ ബാർ അസോസിയേഷൻ പ്രക്ഷോഭം തുടങ്ങിയിരുന്നു. വിഷുദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടിണി സമരം ഉൾപ്പെടെ നടത്തി.
മട്ടന്നൂരിൽ മുൻസിഫ് കോടതി തുടങ്ങാൻ 2004 ൽ ഹൈക്കോടതി അനുമതി നൽകുകയും സർക്കാർ കോടതി അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്തതാണ്. എന്നാൽ 19 വർഷം കഴിഞ്ഞിട്ടും കോടതി 1984 ൽ മട്ടന്നൂർ മജിസ്ട്രേറ്റ് കോടതി തുടങ്ങിയതിന് ശേഷം ജില്ലയിൽ പുതുതായി മജിസ്ട്രേറ്റ്, മുൻസിഫ് കോടതികൾ അനുവദിച്ചിട്ടില്ല. മലയോര മേഖലയിലെ വലിയൊരു വിഭാഗം ജനങ്ങൾ ആശ്രയിക്കുന്നത് കൂത്തുപറമ്പ് മുൻസിഫ് കോടതിയെയാണ്. ഇരിട്ടി താലൂക്കിൽ സിവിൽ തർക്ക പരിഹാരത്തിന് മുൻസിഫ് കോടതികളില്ല.
മട്ടന്നൂർ കോടതി കെട്ടിടത്തിന് മുകളിൽ പുതിയ കെട്ടിടം പണിയാനുള്ള നടപടി സ്വീകരിച്ചു വരിക യാണ്. പുതിയ കോടതി കെട്ടിടവും ജുഡീഷ്യൽ ക്വാർട്ടേഴ്സുകളും പണിയാനുള്ള സൗകര്യവും കോടതി പരിസരത്തുണ്ട്.