ഓട്ടോ ഡ്രൈവർ ചിത്രലേഖ സത്യഗ്രഹം സിറ്റി കമ്മീഷണർ ഓഫീസിലേക്ക് മാറ്റുന്നു
1336726
Tuesday, September 19, 2023 7:00 AM IST
കണ്ണൂർ: വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർ ചിത്രലേഖ ചിറക്കലിലെ വീട്ടിൽ നടത്തിവരുന്ന സത്യഗ്രഹ സമരം കണ്ണൂർ സിറ്റി കമ്മീഷണറുടെ ഓഫീസിനു മുന്നിലേക്ക് മാറ്റുന്നു.
തന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷ കത്തിച്ചതിനു പിന്നിൽ സിപിഎം ആണെന്നാരോപിച്ച് നടത്തിവരുന്ന സത്യഗ്രഹം നാലുദിവസം പിന്നിട്ടിട്ടും അക്രമികളെ പിടികൂടാത്ത സാഹചര്യത്തിലാണ് സമരം സിറ്റി കമ്മീഷണറുടെ ഓഫീസിനു മുന്നിലേക്ക് മാറ്റുന്നതെന്ന് ചിത്രലേഖ പറഞ്ഞു. പോലീസിന്റെ നിഷ്ക്രിയ നിലപാട് തുടരുകയാണെങ്കിൽ ഈ ആഴ്ച തന്നെ സത്യഗ്രഹം സിറ്റി കമ്മീഷണർ ഓഫീസിനു മുന്നിലേക്ക് മാറ്റാനാണ് തീരുമാനമെന്ന് ചിത്രലേഖ പറഞ്ഞു. നീതി നടപ്പാക്കുക, പ്രതികളെ അറസ്റ്റ് ചെയ്യുക, ചിത്രലേഖയെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാട്ടാമ്പള്ളിയിലെ വീടിന് മുന്നിൽ വിവിധ സംഘടകളുടെ പിന്തുണയോടെയാണ് ഇപ്പോൾ സത്യഗ്രഹ സമരം നടത്തുന്നത്.
കഴിഞ്ഞമാസം 25നായിരുന്നു ചിറക്കൽ കാട്ടാമ്പള്ളിയില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ചിത്രലേഖയുടെ ഓട്ടോയാണ് കത്തി നശിച്ചത്. നേരത്തെ പയ്യന്നൂർ എടാട്ട് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്നപ്പോൾ അവിടെ തൊഴിലെടുക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നു. ഇതോടെയാണ് ചിത്രലേഖ കാട്ടാന്പള്ളിയിലേക്ക് താമസം മാറ്റിയത്.