പഴശി അണക്കെട്ടിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തു
1336964
Wednesday, September 20, 2023 7:25 AM IST
ചാവശേരി: പഴശി അണക്കെട്ടിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ നീക്കം ചെയ്തു. ഇരിട്ടി നഗരസഭയുടെയും പടിയൂർ, പായം പഞ്ചായത്തുകളുടെയും നേതൃത്വത്തിലായിരുന്നു മാലിന്യം നീക്കം ചെയ്തത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പഴശി അണക്കെട്ടിലാണു പ്ലാസ്റ്റിക് മാലിന്യം വ്യാപകമായി കുമിഞ്ഞു കൂടിയത്.
അണക്കെട്ടിന്റെ ഷട്ടറുകളുടെ ഭാഗത്തായിരുന്നു പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടന്നിരുന്നത്.
മാലിന്യം നീക്കം ചെയ്യാത്തതിൽ ജനങ്ങളിൽ പ്രതിഷേധം നേരത്തെ ഉയർന്നിരുന്നു. ഇതിനിടെയാണ് ഇരിട്ടി നഗരസഭയുടെയും പടിയൂർ, പായം പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ മാലിന്യം നീക്കം ചെയ്തത്.
ഫയർ ആൻഡ് റെസ്ക്യൂ ടീം, നഗരസഭ കൗൺസിലർമാർ, ഹരിത കർമസേന, ഡിവൈഎഫ്ഐ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം നടത്തിയത്. ചങ്ങാടം ഉൾപ്പെടെ ഉപയോഗിച്ചാണു ഡാമിലെ വെള്ളത്തിൽ നിന്നും മാലിന്യം നീക്കിയത്. ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ശുചീകരണം ഉദ്ഘാടനം ചെയ്തു.
പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംസുദ്ദീൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കെ. സുരേഷ്, കെ. സോയ, എ.കെ. രവീന്ദ്രൻ, ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, സക്കീർ ഹുസൈൻ, കെ. നിഷ തുടങ്ങിയവർ പങ്കെടുത്തു.