ഭക്ഷണ മാലിന്യത്താൽ വീർപ്പുമുട്ടി ജില്ലാ ആശുപത്രി
1337732
Saturday, September 23, 2023 2:21 AM IST
കണ്ണൂർ: ജില്ലാ ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും തോന്നിയതു പോലെ വലിച്ചെറിയുന്നത് ആശുപത്രിയുടെ ശുചിത്വത്തിന് വെല്ലുവിളിയാകുന്നു. ഭക്ഷണാവശിഷ്ടങ്ങൾ പൊതിഞ്ഞു കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ, അലൂമിനിയം ഫോയിൽ കണ്ടെയ്നറുകൾ എന്നിവ വലിച്ചെറിയുന്നത് കാരണം ജീവനക്കാരുൾപ്പെടെയുള്ളവർ വലയുകയാണ്.
ഭക്ഷണാവശിഷ്ടങ്ങളും അജൈവ മാലിന്യങ്ങളും ഇടാനായി പ്രത്യേകം മാലിന്യത്തൊട്ടികൾ ക്രമീകരിച്ചിട്ടുണ്ടെങ്കിലും പലരും ഇതുപയോഗപ്പെടുത്താതെ വാർഡുകൾക്കു പുറത്ത് കൊണ്ടിടുകയും ജനൽവഴിയും മറ്റും പുറത്തേക്ക് വലിച്ചെറിയുകയാണ്. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സന്നദ്ധ സംഘടനകൾ ഭക്ഷണമെത്തിച്ചു നൽകുന്നുണ്ട്.
ഭക്ഷണ വിതരണ സമയത്ത് മാലിന്യങ്ങൾ വലിച്ചെറിയരുതെന്നും സംസ്കരണ സംവിധാനത്തിന് ആശുപത്രി അധികൃതർ നിർദേശിക്കുന്നത് പോലെ ചെയ്യണമെന്നും ആവർത്തിച്ച് പറയാറുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.
ഉച്ച ഭക്ഷണത്തിനൊപ്പം പ്ലാസ്റ്റിക് കവറുകളിലായി നൽകുന്ന കറികളുടെ പായ്ക്കറ്റുകൾ കഴുകി വൃത്തിയാക്കി പ്ലാസ്റ്റിക് ശേഖരിക്കാനായി ഒരുക്കിയ മാലിന്യത്തൊട്ടിയിൽ ഇടണമെന്ന് നിർദേശിക്കാറുണ്ടെങ്കിലും കഴുകി വൃത്തിയാക്കാതെ ഉപേക്ഷിക്കുകയാണ്. അലുമിനിയം കണ്ടെയ്നറുകളുടെ അവസ്ഥയും ഇതു തന്നെയാണ്. ഭക്ഷണ സമയം കഴിഞ്ഞാൽ ആശുപത്രി ശുചീകരണ ജീവനക്കാർക്ക് ഇവ ശേഖരിക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ആശുപത്രിയിലെ രോഗികൾക്കും കുട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്. എന്നാൽ, മാലിന്യ പ്രശ്നം കാരണം കരുണയുടെ ഹസ്തങ്ങളെ ഇല്ലാതാക്കുന്ന അവസ്ഥ ഉടലെടുക്കാതിരിക്കാൻ രോഗികളും കൂട്ടിരിപ്പുകാരും ശ്രദ്ധിക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഇത്തരം മാലിന്യങ്ങൾ ആശുപത്രിക്ക് പിൻവശത്തായി കൂട്ടിയിട്ടിരിക്കുകയാണ്.
തെരുവ് നായകൾ ഇവിടെ തന്പടിക്കുന്നത് രോഗികൾക്കും ജീവനക്കാർക്കും ഭീഷണിയും ഉയർത്തുന്നുണ്ട്. അലൂമിനിയം കണ്ടെയ്നർ ഉൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കരാറെടുത്തവർ ഇത് നീക്കം ചെയ്തിട്ടില്ല. ഇതു കാരണം അലുമിനിയം കണ്ടെയ്നർ ഉൾപ്പെടെയുള്ളവ കെട്ടിക്കിടക്കുകയാണ്.