ഭക്തി നിറവിൽ ഇരിട്ടിയിൽ ഗണേശ വിഗ്രഹങ്ങളുടെ നിമജ്ജനം
1337737
Saturday, September 23, 2023 2:21 AM IST
ഇരിട്ടി: ഭക്തജന നിറവിൽ ഇരിട്ടി നഗരത്തെ ജന സാഗരമാക്കി ഗണേശ വിഗ്രഹ നിമജ്ജന ഘോഷ യാത്ര. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ ഘോഷയാത്രയുടെ ഭാഗമായി. നിശ്ചല ദൃശ്യങ്ങളും, നൃത്ത രൂപങ്ങളും, ആട്ടവും പാട്ടും മറ്റും ഘോഷയാത്രയ്ക്ക് മിഴിവേകുന്നതായി.
ഇരിട്ടിയുടെ മലയോര മേഖലകളിൽ നിന്നും 32 വിഗ്രഹ ഘോഷയാത്രകളാണ് ഇരിട്ടി നഗരത്തിൽ എത്തിച്ചേർന്നത്. ഉളിക്കൽ, പരിക്കളം, കൂട്ടുപുഴ, പടിയൂർ, കീഴ്പള്ളി മേഖലകളിൽ നിന്നും എത്തിയ ഘോഷയാത്രകൾ ഇരിട്ടി പാലം കടന്ന് നേരംപോക്ക്, കീഴൂർ വഴി കൈരാതി കിരാത ക്ഷേത്ര പരിസരത്ത് എത്തിച്ചേർന്നു.
തില്ലങ്കേരി, മീത്തലെ പുന്നാട്, പുന്നാട്, പായം, വട്ട്യറ എന്നീ മേഖലകളിൽ നിന്നുള്ള ഘോഷയാത്ര കളും കിരാത ക്ഷേത്ര പരിസരത്ത് സംഗമിച്ചു.
തുടർന്ന് എല്ലാ ഘോഷയാത്രകളും ഇരിട്ടി നഗരം ചുറ്റി രാത്രിയോടെ പഴയപാലത്ത് പുഴയിൽ നിമജ്ജനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, എ.എൻ. സുകുമാരൻ, എം.ആർ. സുരേഷ്, സത്യൻ കൊമ്മേരി, പവിത്രൻ തൈക്കണ്ടി, എം. ബാലകൃഷ്ണൻ, എം.പി. മനോഹരൻ എന്നിവർ നേതൃത്വം നൽകി.