കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം നിലനിർത്താനാകണം: മന്ത്രി മുഹമ്മദ് റിയാസ്
1338102
Monday, September 25, 2023 12:48 AM IST
കണ്ണൂർ: കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം നിലനിർത്താൻ സാധിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരള ടൂറിസം വകുപ്പ് തലശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഊര്‍പ്പഴച്ചിക്കാവ് ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
2022ൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവിൽ റെക്കോർഡ് വർധനവു ണ്ടായി. ഈ വർഷം ആ റെക്കോർഡ് മറികടക്കുകയാണ് ലക്ഷ്യം. ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങൾ, പ്രകൃതി സൗന്ദര്യം, ജനങ്ങളുടെ സവിശേഷ പെരുമാറ്റം തുടങ്ങിയവയാണ് വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. ഇതു നിലനിർത്താൻ എല്ലാവരും മുന്നോട്ടുവരണമെന്നും മന്ത്രി റിയാസ് പറഞ്ഞു. കടന്നപ്പള്ളി രാമചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയർ ടി.ഒ. മോഹനൻ വിശിഷ്ടാതിയായിരുന്നു.
1.43 കോടി രൂപ ചെലവഴിച്ച് ക്ഷേത്രക്കുളം, കുളിപ്പുര എന്നിവയുടെ സംരക്ഷണ പ്രവൃത്തികളും, കല്ല് പതിക്കല്‍, നടപ്പന്തൽ, ലാൻഡ് സ്കേപ്പിംഗ്, മ്യൂറൽ പെയിന്റിംഗ് എന്നിവയുടെ നിര്‍മാണ പ്രവൃത്തികളുമാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. മുഴുവൻ പ്രവൃത്തികളും ഒമ്പതുമാസത്തിനം പൂർത്തിയാക്കും. മലബാർ മേഖലയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം തുറന്നുകാട്ടാൻ ലക്ഷ്യമിട്ടാണ് തലശേരി പൈതൃകം പദ്ധതി നടപ്പാക്കുന്നത്.