400 കെവി ലൈൻ നഷ്ടപരിഹാര പാക്കേജ്: ചർച്ച ഇന്ന്
1338107
Monday, September 25, 2023 12:56 AM IST
ഇരിട്ടി: കരിന്തളം-വയനാട് 400 കെവി ലൈൻ നഷ്ടപരിഹാര പാക്കേജുമായി ബന്ധപ്പെട്ട് പേരാവൂർ, ഇരിക്കൂർ തളിപ്പറമ്പ്, പയ്യന്നൂർ എംഎൽഎമാരും കളക്ടറും പങ്കെടുക്കുന്ന യോഗം ഇന്ന് ഓൺലൈൻ ആയി നടക്കും. പേരാവൂർ, ഇരിക്കൂർ എംഎൽഎമാരും കർമസമിതി അംഗങ്ങളും വൈദ്യുത മന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നൽകിയിരുന്നു. കർമസമിതി സമർപ്പിച്ച ആവശ്യങ്ങൻ അനുഭാവപൂർവം പരിഗണിക്കാമെന്ന് അന്ന് മന്ത്രി ഉറപ്പു നല്കിയിരുന്നു.
പിന്നീട് വൈദ്യുത സെക്രട്ടറി ജ്യോതിലാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥ തല യോഗത്തിൽ കർമ സമിതി സമർപ്പിച്ച നിർദേശങ്ങൾ പഠിച്ച് ഒരാഴ്ചയ്ക്കകം പ്രത്യേക നഷ്ടപരിഹാര പാക്കേജിന് രൂപം നൽകാൻ ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യാനാണ് എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുന്നത്.
വയനാട് കരിന്തളം 400 കെവി ലൈനുമായി ബന്ധപ്പെട്ട് നിരവധി തവണ മന്ത്രിക്ക് നിവേദനകൾ നൽകിയിട്ടും കർഷകരുടെ ആവശ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ച ടവർ നിർമാണവുമായി ബന്ധപ്പെട്ട് കിളിയന്തറയിൽ എത്തിയ കെഎസ്ഇബി സംഘത്തെ കർമസമിതിയും നാട്ടുകാരും ചേർന്ന് തടഞ്ഞിരുന്നു. നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ച ശേഷം നിർമാണ പ്രവൃത്തികൾ ആരംഭിച്ചാൽ മതിയെന്ന നിലപാടിലായിരുന്നു കർമസമിതി.
ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ നിലവിലുള്ള മാർക്കറ്റ് വിലയുടെ രണ്ടിരട്ടി തുക നഷ്ടപരിഹാര മായി നൽകുക, ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് നിലവിലുള്ള മാർക്കറ്റ് വില ലഭ്യമാക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് കർമ സമിതി ഉന്നയിക്കുന്നത്.