ലഹരിക്ക് തടയിടാൻ വേണ്ടത് കൂട്ടായ പ്രവർത്തനം: സ്പീക്കർ
1338438
Tuesday, September 26, 2023 1:23 AM IST
കണ്ണൂര്‍: ലഹരി ഉപയോഗം സമൂഹത്തില്‍ നിന്നു ഇല്ലാതാക്കാന്‍ എക്സൈസ് മാത്രം വിചാരിച്ചാല്‍ പോരെന്നും അതിന് കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരി വിമുക്ത ക്ലബുകള്‍, കൂട്ടായ്മകള്‍, പൊതുപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ എല്ലാവരും ശ്രമിച്ചാല്‍ മാത്രമേ സമൂഹത്തില്‍ ലഹരിക്ക് തടയിടാന്‍ സാധിക്കൂ. നിരോധനം ഒന്നിനും പരിഹാരമല്ല. നിരന്തരമായ ബോധവത്കരണ കാന്പയിനാണ് ആവശ്യം. പണ്ട് കാലത്ത് മദ്യം മാത്രമാണ് ലഭിച്ചിരുന്നെങ്കിൽ ഇന്ന് സിന്തറ്റിക് ലഹരികളിലേക്ക് മാറി. ആണ്- പെണ് വ്യത്യാസമില്ലാതെ എല്ലാവരും ഇപ്പോള്‍ ലഹരി ഉപയോഗിക്കുന്നു.
അവര്‍ക്ക് യഥേഷ്ടമായി ലഭിക്കുന്നു. ഇത് നിയന്ത്രിക്കാന്‍ പ്രധാന പങ്കുവഹിക്കുന്നത് എക്സൈസ് വിഭാഗമാണ്. ലഹരിക്കേസുകളില്‍ പിടിക്കപ്പെടുന്നവരെ ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിക്കുന്ന തരത്തിലേക്ക് നിയമം മാറണം. സര്‍ക്കാര്‍ അതേക്കുറിച്ച് ആലോചിക്കുന്നുണ്ട്. എക്സൈസ് വിഭാഗത്തില്‍ മതിയായ ജീവനക്കാരില്ല എന്ന പരാതി പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ഷംസീര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ടി. സജുകുമാര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കടന്നപ്പള്ളി രാമചന്ദ്രന്, കെ.വി. സുമേഷ്, അസോ. സംസ്ഥാന സെക്രട്ടറി കെ.എ. ഷാജി, മുൻ ജനറൽ സെക്രട്ടറി പി.കെ. പവിത്രന്, കെ. പ്രേംകൃഷ്ണ, പി.ഡി പ്രസാദ് എന്നിവർ പ്രസംഗിച്ചു. മുന്‍ സംസ്ഥാന കമ്മിറ്റിയംഗം പി.എ. മേഘനാഥനെ സപീക്കര്‍ ആദരിച്ചു. ഉച്ചയ്ക്ക് നവകേരളം എക്സൈസിന്റെ പ്രസക്തിയും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന പരിപാടി മുന്‍ മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എം. വിജിന് എംഎല്‍എ പങ്കെടുത്തു. വൈകുന്നേരം നടന്ന സംഘടനാ സെഷനില്‍ ജനറല്‍ സെക്രട്ടറി കെ. സന്തോഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളുടെ റിപ്പോർട്ട് എം.എം.കെ. ഫൈസലും അവതരിപ്പിച്ചു.
ഇന്നു രാവിലെ പത്തിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ.കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ബി. ഉഷ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, കവി വീരാൻകുട്ടി, വി.വി. ഷാജി എന്നിവർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുസമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, വി.എ.സലീം, കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.രാഗേഷ്, കെ. രാജേഷ് പങ്കെടുക്കും.