വീടുകളുടെ അറ്റകുറ്റപ്പണി 15ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
1338443
Tuesday, September 26, 2023 1:23 AM IST
കൊച്ചി: കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മിച്ച വീടുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി.
അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ വേണ്ട നടപടികള്‍ തീരുമാനിക്കാന്‍ 27ന് രാവിലെ 11 ന് ഹര്‍ജിക്കാര്‍ ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി തങ്ങള്‍ നിര്‍മിച്ചുനല്‍കിയ വീടുകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
വീടുകള്‍ കൈമാറുന്ന കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒക്ടോബര്‍ നാലിന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ അറിയിക്കാനും കളക്ടര്‍ ഓണ്‍ലൈന്‍ മുഖേന ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ മുഖേന ഹാജരായി വിശദീകരണം നല്കാന് സിംഗിള്‍ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കളക്ടര്‍ കെ. ഇമ്പശേഖര്‍ ഇന്നലെ ഓണ്‍ലൈനില്‍ ഹാജരായി. 36 കുടുംബങ്ങളെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും വീടുകള്‍ കൈമാറുന്നതിന് തടസമില്ലെന്നും കളക്ടര്‍ വിശദീകരിച്ചു.
വീടുകളുടെ അറ്റകുറ്റപ്പണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനുള്ള ചെലവ് ഹര്‍ജിക്കാര്‍ വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകനും വ്യക്തമാക്കി.