ജില്ലാ ആശുപത്രിയിൽ എക്സറേ പ്രവർത്തനം നിലച്ചു
1338445
Tuesday, September 26, 2023 1:23 AM IST
കണ്ണൂർ: ജില്ലാ ആശുപത്രിയിലെ എക്സേറെയുടെ പ്രവർത്തനം നിലച്ചു.കഴിഞ്ഞ ബുധനാഴ്ച മുതലാണ് എക്സറേ മെഷീൻ തകരാറിലായത്. മെഷീന്റെ പ്രധാന ഭാഗമായ ട്യൂബും മറ്റൊരു പാർട്സും കേടായതാണ് പ്രവർത്തനം നിലയ്ക്കാൻ കാരണമായി അധികൃതർ പറയുന്നത്. മെഷീൻ തകരാറായി ഉടൻ തന്നെ ജീവനക്കാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും അതുപ്രകാരം ടെക്നീഷ്യൻമാരെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, യൂണിറ്റിന്റെ പ്രവർത്തനം ഇതുവരെ പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. കാലപ്പഴക്കം ചെന്ന മെഷീനാണ് ജില്ലാ ആശുപത്രിയിലുള്ളത്.
ദിവസേന നൂറുകണക്കിന് രോഗികളാണ് ഡോക്ടർ കൊടുക്കുന്ന ചീട്ടുമായി എക്സറേ യൂണിറ്റിലെത്തി നിരാശയോടെ മടങ്ങുന്നത്.സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഫീസ് കുറവായതിനാൽ രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു ജില്ലാ ആശുപത്രിയിലെ എക്സറേ യൂണിറ്റ്. ഇതിന്റെ പ്രവർത്തനം നിലച്ചതോടെ എക്സറേ എടുക്കാനായി പരക്കം പായുകയാണ് രോഗികൾ. മെഷീന്റെ അമിത ഉപയോഗം കാരണമാണ് കേടായതെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ലേഖ പറഞ്ഞു. ഇത് പഴയ മോഡലായതിനാൽ സ്പേർ പാട്സുകൾ കിട്ടാൻ ബുദ്ധിമുട്ടാണെന്നും വിദഗ്ദർ അടുത്ത ദിവസം കൊണ്ട് തന്നെ ചെന്നൈയിൽ നിന്നും ഇത് കൊണ്ടുവരുമെന്നും ലേഖ പറഞ്ഞു. പഴയ എക്സറേ മെഷീനുപകരം പുതിയത് വാങ്ങി സ്ഥാപിക്കണമെന്നാണ് ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളുടെ ആവശ്യം.