റബർ കർഷകർ കടുത്ത പ്രതിസന്ധിയിൽ: റബർ ഉത്പാദക സംഘം
1338450
Tuesday, September 26, 2023 1:25 AM IST
ആലക്കോട്: സീസൺ അല്ലാഞ്ഞിട്ടും റബറിന്റെ വില ഇടിയുന്നതിൽ റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന മലയോരത്തെ റബർ കർഷകർ കടുത്ത പ്രതിസന്ധിയിലും ആശങ്കയിലുമാണെന്ന് ഒറ്റതൈയിൽ ചേർന്ന ഒറ്റതൈ റബർ ഉത്പാദക സംഘം ഭരണസമിതി യോഗം.
റബറിന്റെ നിത്യേന ഉണ്ടാവുന്ന വിലയിടിവും ഏതാനും വർഷങ്ങളായി തുടരുന്ന കാലാവസ്ഥ വ്യതിയാനവും റബർകൃഷി കർഷകർക്ക് മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണു നിലവിലുള്ളത്. വർഷങ്ങൾക്കു മുന്നേ സർക്കാർ പ്രഖ്യാപിച്ച തറവിലയാണ് ഇപ്പോഴും കർഷകർക്ക് ലഭിക്കുന്നത്. വിലസ്ഥിരതാ പദ്ധതിയിൽ അംഗങ്ങളായ കർഷകർ അവരുടെ ബില്ലുകൾ മാർക്കറ്റ് വില തട്ടിക്കിഴിച്ചുള്ള സബ്സിഡിക്കു വേണ്ടി അതിനുള്ള പോർട്ടൽ വഴി നാളുകൾക്കു മുന്നേ സമർപ്പിച്ചിട്ടും പണം അക്കൗണ്ടിൽ വരാത്തതിൽ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമെ റബർ ഷീറ്റ് ഉത്പാദിപ്പിക്കാൻ ആവശ്യമായിട്ടുള്ള അസംസ്കൃത വസ്തുക്കളുടെ വില ദിനം പ്രതിയെന്നോണം വർധിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാരും പിഡബ്ള്യുഡിയും മുൻകൈയെടുത്ത് ബിറ്റുമിൻ മിശ്രിതം ചേർത്തുള്ള ടാറിംഗ് പ്രവൃത്തികൾക്ക് പദ്ധതി ആവിഷ്ക്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ആർപിഎസ് പ്രസിഡന്റ് സെബാസ്റ്റ്യൻ തെക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മജോ മൈലാടൂർ, ജോജോ ഒരപ്പൂഴിക്കൽ, അഡ്വ. വിനോയി ഫ്രാൻസിസ് മുള്ളൻമടയ്ക്കൽ, സോണി ചേന്നോത്ത്, ഷാജി കളപ്പുര എന്നിവർ പ്രസംഗിച്ചു.