പ്രത്യേക പാക്കേജിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമം
1338453
Tuesday, September 26, 2023 1:25 AM IST
ഇരിട്ടി: കരിന്തളം-വയനാട് 400 കെവി ലൈൻ വലിക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമം. പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാതെ കർഷകരുടെ ഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന ജനകീയകർമ സമിതി ശക്തമയ നിലപാട് എടുത്തതോടെ ലൈൻ വലിക്കുന്നത് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടത്താൻ അധികൃതരെ പ്രേരിപ്പച്ചത്.
വൈദ്യുതി വകുപ്പ് ചീഫ് എൻജിനിയർ തലത്തിലാണ് പ്രത്യേക പാക്കേജ് സംബന്ധിച്ച് നടപടി ആരംഭിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ഓരോ പ്രദേശത്തിന്റെ സാഹചര്യം മനസിലാക്കാൻ ജില്ലാ കളക്ടർപ്രത്യേക യോഗം വിളിച്ചു ചേർത്ത് ജനപ്രതിനിധികളിൽ നിന്നും കർമസമിതി ഭാരവാഹികളിൽ നിന്നും നിർദേശങ്ങൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പേരാവൂർ, ഇരിക്കൂർ, തളിപ്പറമ്പ്, പയ്യന്നൂർ നിയോജക മണ്ഡലം തലത്തിൽ രൂപപ്പെടുത്തേണ്ട നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്നലെ കളക്ടറുടെ ചേബംറിൽ യോഗം ചേർന്നു. യോഗത്തിൽ എംഎൽഎമാരായ സണ്ണിജോസഫ്, സജീവ് ജോസഫ് എന്നിർ നേരിട്ടും തളിപ്പറന്പ്, പയ്യന്നൂർ എംഎൽഎമാരുടെ പ്രതിനിധികൾ ഓൺ ലൈനായും പങ്കെടുത്തു.
ഇടമൺ കൊച്ചി
പാക്കേജ് മോഡൽ
പരിഗണനയിൽ
കെഎസ്ഇബി ഹൈടെൻഷൻ ലൈൻ വലിക്കുന്നതിന് ഇടമൺ കൊച്ചി, മാടക്കത്തറ ഭാഗങ്ങളിൽ നടപ്പിലാക്കിയ പാക്കേജിനു സമാനമായ പാക്കേജ് കരിന്തളം-വയനാട് പദ്ധതിക്കും നടപ്പാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ഈ പാക്കേജ് പ്രകാരം ടവർ സ്ഥാപിക്കുന്ന പ്രദേശങ്ങളിൽ ഭൂമിയുടെ ന്യായ വിലയുടെ അഞ്ചിരട്ടി നഷ്ടപരിഹാരം അനുവദിക്കും.
ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ രണ്ടര സെന്റ് പ്രകാരം ന്യായ വില കണക്കാനുള്ള ചർച്ചകൾ ഉണ്ടായെങ്കിലും ഇത് കർമ്മ സമിതി ഭാരവാഹികൾക്കും ജനപ്രതിനിധികൾക്കും സ്വീകാര്യമായില്ല. ലൈൻ ഉയരം അനുസരിച്ച് നഷ്ടപരിഹാരത്തിൽ ഏറ്റകുറച്ചലുകൾ വരുത്താനുള്ള നിർദേവും അംഗീകരിക്കപ്പെട്ടിട്ടില്ല. ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലെ വിളകൾക്കുണ്ടാകുന്നനഷ്ടം പ്രത്യേകമായും കണക്കാക്കും. കർമ സമിതി ഭാരവാഹികളുമായി കൂടുതൽ ചർച്ച ചെയ്യുന്നതിനായി നാളെ ഇരിട്ടിയിൽ ജനപ്രതിനിധികൾ, കർമ്മ സമിതി ഭാരവാഹികൾ, തഹസിൽദാർ, വൈദ്യുതി വകുപ്പ് ജീവനക്കാർ എന്നിവരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.