ആദ്യ റീച്ചിലെ മരം മുറി പൂർത്തിയായി ആനമതിൽ നിർമാണം: ഉദ്ഘാടനം 30ന്
1338696
Wednesday, September 27, 2023 2:41 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ വന്യമൃഗശല്യം തടയുന്നതിനായുള്ള ആനമതിലിന്റെ നിർമാണ ഉദ്ഘാടനം 30ന് നടക്കും.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ എന്നിവരെ പങ്കെടുപ്പിച്ച് നിർമാണോദ്ഘാടനം നടത്താനാണ് തീരുമാനം. ആനമതിൽ കടന്നുപോകുന്ന പ്രദേശങ്ങളിലെ ആദ്യ റീച്ചിൽ വരുന്ന പരിപ്പ്തോട് മുതൽ പൊട്ടിച്ചപാറ വരെയുള്ള 2. 5 കിലോമീറ്ററിലെ മരം മുറിക്കൽ പൂർത്തിയായി. ഇവിടെനിന്ന് മറിച്ച 102 മരങ്ങൾ അട്ടിയിടുന്നതിനും 1,97,000 രൂപയ്ക്ക് ടെൻഡറായി.
നേരത്തെ ആനമതിൽ കടന്നുപോകുന്ന പ്രദേശങ്ങളിലെ മരങ്ങൾ ലേലത്തിൽ വിൽപന നടത്താനായിരുന്നു തീരുമാനം. ഇതു പ്രകാരം 390 അക്കേഷ്യ മരങ്ങൾക്ക് സോഷ്യൽ ഫോറസ്റ്ററി 21 ലക്ഷം രൂപയായിരുന്നു നിശ്ചയിച്ചത്.
എന്നാൽ ഇവയിൽ പലതും പാഴ്മരങ്ങളായതിനാൽ ആരും ലേലത്തിനെടുക്കാൻ തയാറായിരുന്നില്ല. ഇതോടെ മരങ്ങൾ മുറിക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ റീച്ചിലെ മരം മുറി പൂർത്തിയായതോടെ ബാക്കിയുള്ള സ്ഥലങ്ങളിലെ മരങ്ങൾ മുറിക്കാൻ ടെൻഡർ നടപടികൾ സ്വീകരിക്കും.