മിണ്ടാപ്രാണികൾക്ക് നൽകുന്ന ആതുര സേവനം പുണ്യപ്രവർത്തി: ടി. പദ്മനാഭൻ
1338699
Wednesday, September 27, 2023 2:41 AM IST
കണ്ണൂർ: മിണ്ടാപ്രാണികൾക്ക് ആതുരസേവനം ചെയ്യുന്ന വെറ്ററിനറി ഡോക്ടർമാരുടെ കർമം ഏറെ മഹത്വമുള്ളതാണെന്നും റോഡിൽ പരിക്കേറ്റ് കിടന്ന മൂർഖൻ പാമ്പിന് പോലും വേദനയകറ്റാൻ ചികിത്സാ സേവനം നൽകുന്ന വെറ്ററിനറി ഡോക്ടർമാരുടേത് പുണ്യപ്രവർത്തിയാണന്നും എഴുത്തുകാരൻ ടി. പദ്മനാഭൻ.
വെറ്ററിനറി ഡോക്ടർമാരുടെ പ്രഫഷണൽ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള (ഐവിഎ)യെ ടി. പദ്മനാഭനെ വീട്ടിലെത്തി ആദരിച്ചതിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തനിക്ക് വീട്ടിൽ കൂട്ടായി ധാരാളം പൂച്ചകളും നായകളുമുണ്ട്. അവർക്കു വേണ്ടിയാണ് തന്റെ വീട്ടിലെ അടുക്കള ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ടി. പദ്മനാഭൻ പറഞ്ഞു.
ഐവിഎ മുഖപത്രമായ വെറ്ററിനേറിയൻ മാസികയുടെ പുതിയ ലക്കത്തിന്റെ പ്രകാശനവും ടി. പദ്മനാഭൻ നിർവഹിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. മോഹനൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഡോ. എ. ഇർഷാദ്, ട്രഷറർ ഡോ. വി.കെ.പി. മോഹൻ കുമാർ, ഡോ. പി. ഗിരീഷ് കുമാർ, ജില്ലാ ഭാരവാഹികളായ ഡോ. ഗിരീഷ് ബാബു, ഡോ. കെ.സി.അർജുൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി. പ്രശാന്ത്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിജോയ് വർഗീസ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഒ. എം. അജിത, ഡോ. എം. മുഹമ്മദ് ആസിഫ് എന്നിവർ പങ്കെടുത്തു.