കണ്ണൂർ ഗവ. മെഡി. കോളജ് മാലിന്യപ്ലാന്റ് പ്രശ്നം പരിഹരിക്കാൻ എംഎൽഎയുടെ ഇടപെടൽ
1338701
Wednesday, September 27, 2023 2:41 AM IST
പരിയാരം: കണ്ണൂർ ഗവ മെഡിക്കൽ കോളജിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രശ്നങ്ങൾക്ക് രണ്ടു ദിവസത്തിനകം താത്കാലിക പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് എം.വിജിൻ എംഎൽഎ. കഴിഞ്ഞ രണ്ടു വർഷമായി മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് പ്ലാന്റിൽ നിന്നും മലിനജലം ആശുപത്രിയിലെ പറന്പിലേക്ക് തന്നെ ഒഴുക്കി വിടുകയായിരുന്നു.
ആശുപത്രി, അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ശുചിമുറിയുൾപ്പെടെയുള്ളവയിൽ നിന്നുള്ള മലിനജലമാണ് പറന്പിലേക്ക് ഒഴുക്കി വിട്ടിരുന്നത്. മലിന ജലം സമീപത്തെ തോടുകളിലേക്കും എത്തിയിരുന്നു. പത്തുലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റിലെ മോട്ടോർ തകരാറായതായിരുന്നു പ്രവർത്തനം നിലയ്ക്കാൻ കാരണം.
മാലിന്യ പ്രശ്നത്തെ കുറിച്ച് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എംഎൽഎയുടെ ഇടപെടൽ. നിലവിൽ 75 ലക്ഷം രൂപ മാലിന്യ പ്ലാന്റിന്റെ പ്രവർത്തനത്തിനായി അനുവദിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് ആരോഗ്യ-ധനകാര്യ വകുപ്പിൽ ഇടപെട്ടതായും എം.വിജിൻ എംഎൽഎ അറിയിച്ചു. ഇത് യാഥാർത്ഥ്യമായാൽ ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.