പയ്യാവൂരിലെ കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി
1338711
Wednesday, September 27, 2023 2:46 AM IST
ആടാംപാറ: പയ്യാവൂർ പഞ്ചായത്ത് അതിർത്തിയിലെ വനമേഖലയിൽ സോളാർ വേലിക്കിപ്പുറമായി കഴിഞ്ഞിരുന്ന കാട്ടാനകളെ കർണാടക വനത്തിലേക്ക് കയറ്റി വിട്ടു.
രണ്ട് കുട്ടിയാനകളടക്കം എട്ട് ആനകളെയാണ് കഴിഞ്ഞ ഒന്നര ദിവസത്തെ കഠിന പരിശ്രമത്തിലൂടെ കാട്ടിലേക്ക് തുരത്തിയത്. സോളാർ വേലി സ്ഥാപിക്കുന്നതിന് മുന്പ് കാടിറങ്ങിയ കാട്ടാനകൾക്ക് സോളാർ വേലി സ്ഥാപിച്ചതോടെ കാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാഞ്ഞതോടെ വേലിക്കിപ്പുറത്തായി കാട്ടാനക്കൂട്ടം തന്പടിക്കുകയായിരുന്നു.
ഇവ വ്യാപകമായ തോതിൽ കൃഷിനാശം വിതച്ചിതിനൊപ്പം ജനങ്ങൾക്കും ഭീഷണി ഉയർത്തിയിരുന്നു. ഇതോടെയാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്താന് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചത്.
കണ്ണൂർ,കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 70 അംഗ വനം വകുപ്പ് ജീവനക്കാ രെയായിരുന്നു ഇതിനായി നിയോഗിച്ചത്.ഡ്രോൺ ഉപയോഗിച്ച് ആനകളെ കണ്ടെത്തി ശബ്ദമുണ്ടാക്കിയും വടം കെട്ടി വഴിയൊരുക്കിയും തൂക്കുവേലി വഴി കർണാടക വനത്തിലേക്ക് കടത്തി വിടുകയായിരുന്നു. എട്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ദൗ്ത്യ സംഘം പ്രവർത്തിച്ചത്.
കാടുകയറിയ ആനകൾ തിരിച്ചു വരുന്നുണ്ടോ എന്നറിയാൽ പകലും രാത്രിയും വനാതിർത്തിയിൽ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. വേലി ഇല്ലാത്ത ഭാഗങ്ങളിലൂടെ ആനകൾ തിരിച്ചേ വന്നേക്കുമെന്ന സംശയത്തെ തുടർന്നാണ് ഇത്തരം മേഖലയിൽ നിരീക്ഷണം നടത്തുന്നത്.
കാട്ടാന ശല്യത്തെ തുടർന്ന് മന്ത്രിതലത്തിൽ ഉണ്ടായ ഇടപെടലിനെ തുടർന്നാണ് കാട്ടാനകളെ തുരത്താൻ ദൗത്യ സംഘത്തെ നിയോഗിച്ചതെന്ന് പ്രസിഡന്റ് സാജു സേവ്യർ പറഞ്ഞു. ഡിഎഫ്ഒ പി. കാർത്തിക്, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരായ പി.രതീശൻ, അഖിൽ, സുധീർ നാരോത്ത്, കെ.വി.ജയപ്രകാശ് എന്നിവർ സ്ഥലത്ത് ക്യാന്പ് ചെയ്താണ് ദൗത്യസംഘത്തിനാവശ്യമായ നിർദേശങ്ങൾ നൽകിയത്.