പോലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ
1338712
Wednesday, September 27, 2023 2:46 AM IST
തളിപ്പറമ്പ്:വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ സംഘം ബഹളം വയ്ക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയുംചെയ്ത തിന് ആറു പേർ അറസ്റ്റിൽ.
പട്ടുവം മുറിയാത്തോടിലെ കെ.വി.രാജേഷ് (34 ), പട്ടുവം കുഞ്ഞിമുറ്റത്തെ കളത്തേര ഹൗസിൽ സജീഷ് (40), കാവുങ്കാലിലെ ആനയൻ വീട്ടിൽ റിനീഷ് (32), കാവുങ്കൽ അത്തിലാട്ട് ഹൗസിൽ നിജിൽ കുമാർ (39) ,പട്ടുവത്തെ എം. ലിനിൽ (32) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്. ഇവർ സ്റ്റേഷനിൽ ബഹളമുണ്ടാക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. പുളിന്പറന്പ് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ ബൈക്ക് തട്ടുകയും കാറിന്റെ റിയർവ്യു മിറർ തകരുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായി ഇവർ ബൈക്ക് യാത്രികനെ മർദിക്കുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പോലീസ് എല്ലാവരോടും സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന സ്റ്റേഷനിലെത്തിയ ഇവർ പോലീസിനോട് തട്ടിക്കയറി.
സിഐ എ.വി. ദിനേശന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്റ്റേഷനിലെത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. ഇതിനിടെ പ്രതികൾ കാർ ഉപേക്ഷിച്ച് സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ടു.