അങ്കണവാടികൾ രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ സംവിധാനം: സജീവ് ജോസഫ്
1338714
Wednesday, September 27, 2023 2:46 AM IST
ഇരിക്കൂർ: രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കിടയാക്കിയ സംവിധാനമാണ് അങ്കണവാടി പ്രസ്ഥാനമെന്ന് സജീവ് ജോസഫ് എംഎൽഎ.
അതേസമയം അങ്കണവാടി പ്രവർത്തകർക്ക് ഇപ്പോഴും ലഭിക്കുന്നത് കുറഞ്ഞ വേതനം മാത്രമാണെന്നത് ഏറെ ഗൗരവത്തോടെ കാണണം. ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി രണ്ടു ദിവസമായി ഇരിക്കൂറിൽ സംഘടിപ്പിച്ച സംയോജിത ആശയ വിനിമയ ബോധവത്കരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരിക്കൂർ ബ്ലോക്ക് ഐസിഡിഎസ് അഡീഷണലിനു കീഴിലെ അങ്കണവാടി പ്രവർത്തകർക്കായാണ് പരിപാടി സംഘടിപ്പിച്ചത്. ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പോഷകാഹാരം സംബന്ധിച്ച അവബോധം വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് പ്രദർശന പരിപാടി ഒരുക്കിയത്. ഇരിക്കൂർ ഗവ.ആശുപത്രിയിലെ ഡോ.അനുപമയും കെ.ജെ ഫ്രാൻസിസും ക്ലാസെടുത്തു.
സമാപന സമ്മേളന ത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ.മാത്യു അധ്യക്ഷത വഹിച്ചു. വനിതാ ശിശു വികസന ഓഫീസർ നിഷ പാലത്തടത്തിൽ, സിബിസി ടെക്നിക്കൽ അസിസ്റ്റന്റ് കെ.എസ് ബാബു രാജൻ എന്നിവർ പ്രസംഗിച്ചു.