കരിന്തളം-വയനാട് 400 കെവി ലൈൻ: കെഎസ്ഇബിയുടെ നഷ്ടപരിഹാര പാക്കേജ് തള്ളി, മന്ത്രിതല യോഗം വിളിക്കണമെന്ന് ആവശ്യം
1338877
Thursday, September 28, 2023 12:50 AM IST
ഇരിട്ടി: നിർദിഷ്ട കരിന്തളം-വയനാട് 400 കെവി വൈദ്യുത ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലമുടമകൾക്ക് കെഎസ്ഇബി മുന്നോട്ടു വച്ച നഷ്ടപരിഹാര പാക്കേജ് സ്ഥല ഉടമകളും ജനപ്രതിനിധികളും കർമസമിതിയും തള്ളി. പ്രശ്നം പരിഹരിക്കുന്നതിന് വൈദ്യുതി മന്ത്രിയുടെ നിർദേശ പ്രകാരം ജില്ലാ കളക്ടർ ലൈൻ കടന്നു പോകുന്ന നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരുമായി നടത്തിയ ചർച്ചയിലെ നിർദേശ പ്രകാരം ജനപ്രതിനിധികൾ, കർമസമിതി അംഗങ്ങൾ സ്ഥലം ഉടമകൾ എന്നിവരുമായി കെഎസ്ഇബി ഉദ്യോഗസ്ഥർ ഇരിട്ടി ടിബിയിൽ വച്ചു നടത്തിയ യോഗത്തിലാണ് നഷ്ടപരിഹാര പാക്കേജ് വ്യവസ്ഥകൾ അവതരിപ്പിച്ചത്. എന്നാൽ പാക്കേജ് സ്വീകാര്യമല്ലെന്ന് ഭൂവുടമകളും കർമസമിതിയും ജനപ്രതിനിധികളും പറഞ്ഞു. ഇതോടെ ചർച്ച ധാരണയാകാതെ പിരിയുകയായിരുന്നു.
പ്രശ്ന പരിഹാരത്തിന് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ലൈൻ കടന്നുപോകുന്ന മണ്ഡലങ്ങളിലെ എംഎൽഎമാർ, ജനപ്രതിനിധികൾ കർമസമിതി ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ യോഗം വിളിച്ച്, വിപണി വില അടിസ്ഥാനമാക്കിയുള്ള പാക്കേജ് പ്രഖ്യാപിക്കണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. വികസനത്തിന്റെ പേരിൽ ഭൂരിപക്ഷത്തിനുവേണ്ടി ഒരു വിഭാഗം കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലെന്നും 2015ലെ കാലഹരണപ്പെട്ട നടപരിഹാര പാക്കേജിന് പകരം ഇന്നത്തെ സഹചര്യങ്ങൾ മനസിലാക്കി വേണം പുതിയ പാക്കേജ് പ്രഖ്യാപിക്കാനെന്നും എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവർ ആവശ്യപ്പെട്ടു. പുതിയ പാക്കേജ് തീരുമാനം ഉണ്ടാകുന്നത് വരെ ലൈൻ കടന്നു പോകുന്ന ഭൂമിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രവേശിക്കരുതെന്നും എംഎൽഎമാർ നിർദേശിച്ചു.
കെഎസ്ഇബി
നഷ്ടപരിഹാര പാക്കേജും, വിമർശനവും
1250 കിലോമീറ്റർ വരുന്ന പദ്ധതിയിൽ കാസർഗോഡ് കളക്ടറുടെ റിപ്പോർട്ട് പ്രകാരം കെഎസ്ഇബിയുടെ നഷ്ടപരിഹാര പാക്കേജ് ഇങ്ങിനെയാണ്. ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായ വിലയുടെ രണ്ട് ഇരട്ടിയുടെ 85 ശതമാനവും ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ ന്യായ വിലയുടെ 15 ശതമാനവും നൽകും. മുറിച്ചുമാറ്റുന്ന വിളകളുടെ വില നിശ്ചയിച്ച് ഇതും നൽകും. പദ്ധതിക്ക് അധികം പാക്കേജുകൾ പ്രഖ്യാപിക്കുകയാണെങ്കിൽ അതിന്റെ അധിക ബാധ്യത സർക്കാർ വഹിക്കണമെന്നുമാണ് കെഎസ്ഇബി പറയുന്നത്.
അതേ സമയം കെഎസ്ഇബിയുടെ പാക്കേജ് ന്യായീകരിക്കാനാവില്ലെന്നാണ് ഭൂവുടമകളും കർമസമിതിയും ജനപ്രതിനിധികളും പറയുന്നത്. 2015 ലെ ഇടമൺ കൊച്ചി പാക്കേജിനെക്കാൾ വളരെ കുറഞ്ഞ പാക്കേജാണ് ഇതെന്നാണ് പ്രധാന വിമർശനം. ഇത്തരത്തിലുള്ള പാക്കേജ് കെഎസ്ഇബി അവതരിപ്പിച്ചത് സംബന്ധിച്ചും സംശയം ഉയരുന്നുണ്ട്.
കർഷകരുടെ കണ്ണിൽ പൊടിയിടാൻ 2015ലെ കാലഹരണപ്പെട്ട എടമൺ കൊച്ചിയിലും മാടക്കത്തറയിലും നടപ്പിലാക്കിയ നഷ്ടപരിഹാര പാക്കേജ് പൊടിതട്ടിയെടുത്ത് തന്ത്രപൂർവം യോഗത്തെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു. വികസന പദ്ധതിക്കെതിരല്ലെന്നും എന്നാൽ കാലാനുസൃതമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
റീസർവേ നടപടികൾ പൂർത്തിയാകാത്തതുകൊണ്ട് പലസ്ഥലങ്ങളിലും ന്യായവില നിർണയത്തിൽ വലിയ അപാകതകളുണ്ട്. ഈ സാഹചര്യത്തിൽ വിപണി വില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാര പാക്കേജ് അല്ലാതെ മറ്റൊന്നിനും തയാറല്ലെന്ന് ഭൂഉടമകളും യോഗത്തിന് നേതൃത്വം നൽകിയ എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവർ കെഎസ്ഇബി അധികൃതരോട് വ്യക്തമാക്കി.
നഷ്ടപരിഹാര പാക്കേജ് സുതാര്യമാക്കണം
നഷ്ടപരിഹാരം അടക്കം പദ്ധതിയുടെ എല്ലാ വിവരങ്ങളും ഗസറ്റിൽ പ്രസിദ്ധീകരിച്ച് സുതാര്യമായി നടത്തണമെന്ന് ഭൂവുടമകളും കർമ സമിതിയും ആവശ്യപ്പെടുന്നു. പ്രവൃത്തി ആരംഭിക്കുന്നതിന് മുന്പു തന്നെ നഷ്ടപരിഹാര തുക നൽകുക, ഭൂമി രണ്ടയി മുറിക്കുന്നതിന് പകരം അലൈൻമെന്റിൽ മാറ്റം വരുത്തുക, പുതിയ സാങ്കേതിക വിദ്യ നടപ്പിലാക്കികൊണ്ട് ഉയരം കൂടിയ ടവറുകൾ സ്ഥാപിച്ചുകൊണ്ട് കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെന്നും ഭൂവുടമകൾ നിർദേശിച്ചു. അല്ലാത്തപക്ഷം ജോലികൾ ചെയ്യാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്ഥലം അളവും വില
നിർണയത്തിലെ
പ്രശ്നങ്ങളും
ഇടമൺ കൊച്ചി പാക്കേജിന് 16 മീറ്റർ അകലത്തിലാണ് കടന്നുപോകുന്നതെങ്കിൽ കരിന്തളം വയനാട് പദ്ധതി 40 മീറ്റർ വീതിയും കടന്ന് വീണ്ടും 10 മീറ്റർ ബഫർ സോണും ഉൾപ്പെടെ 50 മീറ്റർ വരുമെന്നാണ് കണക്ക്. കർഷകർ സെന്റിന് വില കണക്കാക്കുമ്പോൾ കെഎസ്ഇബി "ആർ' (2.5 സെന്റ് ) അടിസ്ഥാനത്തിലാണ് സ്ഥലമെടുപ്പും വിലനിർണയവും നടത്തുന്നത്. മുറിച്ചുമാറ്റുന്ന മരങ്ങളുടെ എണ്ണവും വലിപ്പവും നിർണയിക്കുമ്പോൾ വില നിർണയിക്കാതെയും കൃത്യമായ അറിയിപ്പുകൾ നൽകാതെ കബളിപ്പിക്കൽ നീക്കവും നടക്കുന്നതായി ആരോപണമുണ്ട്
പദ്ധതി
ഊർജപ്രതിസന്ധിക്കുള്ള
പരിഹാരമെന്ന്
കെഎസ്ഇബി
ഉത്തര മലബാറിന്റെ വൈദ്യുത പ്രശ്നങ്ങൾക്ക് പരിഹാരമായി മാറുന്ന പദ്ധതിയാണിതെന്നും ഉഡുപ്പിയിൽ നിന്ന് ലഭിക്കുന്ന നിരന്തര വൈദുതിയും സോളാർ വൈദ്യുതിയും ഇതിലൂടെ എത്തിക്കാനാകുമെന്നതിനാൽ വിട്ടുവീഴ്ചയക്ക് തയാറാകണമെന്നാണ് കെഎസ്ഇബി അധികൃതർ ആവശ്യപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി 29 ടവറുകൾ പൂർത്തിയായെന്നും വൈകുന്തോറും നടത്തിപ്പ് നഷ്ടം കൂടും. കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ 2015 ലെ ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരത്തുക അടിസ്ഥാനപ്പെടുത്തിയാണ് പാക്കേജെന്നും അധികൃതർ പറഞ്ഞു.
യോഗത്തിൽ എംഎൽഎ മാർക്ക് പുറമേ ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസഫ്, ജൂബിലി ചാക്കോ, പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പി. രജനി, സി.ടി. അനീഷ്, ആന്റണി സെബാസ്റ്റ്യൻ, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി വാഴപ്പള്ളി, അയ്യൻകുന്ന് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി വിശ്വനാഥൻ, കർമസമിതി പ്രതിനിധികളായ ഫാ. പയസ് പടിഞ്ഞാറെമുറിയിൽ, ടോമി കരുവഞ്ചാൽ, കെ.എ. ഫിലിപ്പ്, ജോർജ് കിളിയന്തറ, പൈലി വാത്യാട്ട്, ജോസഫ് അണിയറ, ബെന്നി പുതിയാമ്പ്രം, ബെന്നി പുത്തൻപറമ്പിൽ, കെഎസ്ഇബി ട്രാൻസ് ഗ്രിഡ് എക്സിക്യൂട്ടീവ് എൻജിനിയർ എം. കൃഷ്ണേന്ദു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ പി.ബി. അമർനാഥ്, ടി.പി. ഷഹന ഷാഹുൽ, അസിന്റന്റ് എൻജിനിയർ എം. അബ്ദുൽ കൈസ് എന്നിവരും പങ്കെടുത്തു.