സാറ്റ്ലൈറ്റ് സർവേ അലൈൻമെന്റ് മാറ്റണമെന്ന് കർമസമിതി; ബദൽ അലൈൻമെന്റ് സമർപ്പിച്ചു
1338878
Thursday, September 28, 2023 12:50 AM IST
ഇരിട്ടി: കണിച്ചാർ ടൗണിൽ നിന്ന് കാളികയത്തേക്കുള്ള നിർദിഷ്ട കരിന്തളം-വയനാട് 400 കെവി ലൈനിന്റെ കണിച്ചാർ, കേളകം മേഖലയിലെ അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യം. വൈദ്യുതി വകുപ്പ് സാറ്റ്ലൈറ്റ് സർവെ പ്രകാരം തയാറാക്കിയ അലൈൻമെന്റ് ഏറെ കൃഷിയിടങ്ങൾ ഇല്ലാതാക്കുന്നതരത്തിലുള്ളതാണ്.
ഇതിനു പകരം വലിയ നഷ്ടമില്ലാത്ത വിധത്തിൽ അലൈൻമെന്റ് പുനക്രമീകരിക്കണമെന്ന് ജനപ്രതിനിധികളും കർമസമിതി ഭാരവാഹികളും വൈദ്യുതി വകുപ്പിനെ രേഖാമൂലം അറിയിച്ചു. കൂടാതെ കർമ സമിതി തയാറാക്കിയ പുതിയ അലൈൻമെന്റിന്റെ രൂപ രേഖ ഇരിട്ടിയിൽ നടന്ന യോഗത്തിൽ കെഎസ്ഇബി അധികൃതർക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ യോഗത്തിൽ രൂപരേഖ പ്രദർശിപ്പിച്ചു. 30 വീടുകളുടെ മുകളിലൂടെ കടന്നുപോകുന്ന ലൈൻ കർമസമിതി നൽകിയ രൂപരേഖ പ്രകാരം മാറ്റിയാൽ മൂന്ന് വീടുകളുടെയും ഒരു സ്ഥാപനത്തിന്റെയും മുകളിലൂടെ മാത്രമായി കുറയും. ഈ രൂപരേഖ പ്രകാരം പരിശോധന നടത്തുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.
കണിച്ചാർ ടൗണിൽ അഞ്ചാം വാർഡിൽ നിന്ന് തുടങ്ങി മലയോര ഹൈവേ റോഡ് മുറിച്ച് ബാവലിപ്പുഴ കുറുകെ കേളകം പഞ്ചായത്തിലൂടെ കണിച്ചാർ പഞ്ചായത്തിലെത്തി കാളിക്കയത്ത് എത്തുന്ന തരത്തിലാണ് നിലവിലെ ശിപാർശ. ഇതുപ്രകാരം കണിച്ചാർ പഞ്ചായത്തിൽ 12 വീടുകളുടെയും കേളകം പഞ്ചായത്തിൽ 18 വീടുകളുടെയും മുകളിലൂടെയാണ് ലൈൻ കടന്നു പോകുന്നത്. ഇതിനായി എട്ടു ടവറുകളും സ്ഥാപിക്കണം.
ജനകീയ കർമ സമതി ഉണ്ടാക്കിയ അലൈൻമെന്റ് പ്രകാരം കണിച്ചാർ ടൗണിൽ നിന്ന് മൂന്ന്, അഞ്ച് വാർഡുകളിലൂടെ കേളകത്തേക്ക് പ്രവേശിക്കാനാകും. ഇത്തരത്തിലായാൽ മൂന്ന് വീടുകളും ഒരു കെട്ടിടവും മാത്രമാണ് ലൈനിന്റെ പരിധിയിൽ വരിക. കേളകത്ത് വീടുകളോ കെട്ടിടങ്ങളോ ഉൾപ്പെടുകയുമില്ല.
കേളകത്തുനിന്ന് കാളികയത്തെ ടവറിൽ എത്തുന്ന വിധത്തിലാണ് ജനകീയ കർമ്മ സമിതി ഉണ്ടാക്കിയ അലൈൻമെന്റ്. കൂടാതെ ടവറുകളുടെ എണ്ണം ഏഴായി കുറയുകയും ചെയ്യും. ഈ ശിപാർശ പരിശോധിക്കുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.