വയോധികരെ കബളിപ്പിച്ച് അജ്ഞാതൻ സ്വർണവും പണവുമായി മുങ്ങി
1338879
Thursday, September 28, 2023 12:50 AM IST
പഴയങ്ങാടി: പരിചയം നടിച്ചെത്തിയ യുവാവ് വയോധികരെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങി. എരിപുരം ചെങ്ങൽ നാട്ടാർ കുളത്തിന് സമീപത്തെ വി. മാധവൻ, കെ.പി. ഹരിദാസൻ എന്നിവരാണ് തട്ടിപ്പിനിരയായത്. മാധവന്റെ അരപ്പവൻ സ്വർണമോതിരവും ഹരിദാസന്റെ ആറായിരം രൂപയുമാണ് തട്ടിയെടുത്തത്.
വീടിനു പുറത്തിരിക്കുകയായിരുന്ന മാധവന്റെ അടുത്ത് പരിചയം നടിച്ചെത്തിയ യുവാവ് ബിൽ സഹിതമുള്ള പത്തു കുപ്പി മിലിട്ടറി മദ്യമുണ്ടെന്നും ആറായിരംരൂപ തന്നാൽ തരാമെന്നറിയിക്കുകയുമായിരുന്നു. എന്നാൽ തനിക്ക് മദ്യം വേണ്ടെന്നും സുഹൃത്തിനു വേണ്ടി വരുമെന്ന് പറഞ്ഞ് മാധവൻ ഹരിദാസനെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മൂന്ന് പേരും ചേർന്ന് ഓട്ടോറിക്ഷയിൽ പഴയങ്ങാടി ബസ് സ്റ്റാൻഡിലെത്തിയപ്പോൾ യുവാവ് ഹരിദാസനിൽ നിന്ന് ആറായിരം രൂപ വാങ്ങുകയും മാധവന്റെ സ്വർണമോതിരം കണ്ട് ഇതുപോലൊന്ന് തനിക്കും പണിയിക്കണമെന്നും പറഞ്ഞു. തുടർന്ന് ഫോട്ടോയെടുക്കാനെന്ന വ്യാജേന മോതിരം ഊരിവാങ്ങി മുങ്ങുകയായിരുന്നു.
ഏറെ നേരം യുവാവിനെ കാത്തിരുന്നിട്ടും തിരിച്ചെത്താഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ടതായി ഇരുവർക്കും മനസിലായത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് പഴയങ്ങാടി ടൗണിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.