തീവ്ര പേവിഷബാധ: പ്രതിരോധ യജ്ഞത്തിന് തുടക്കമായി
1338880
Thursday, September 28, 2023 12:50 AM IST
അങ്ങാടിക്കടവ്: അയ്യൻകുന്ന് പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിൽ നടത്തുന്ന തീവ്ര പേവിഷബാധ പ്രതിരോധ യജ്ഞത്തിന് തുടക്കമായി. അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈന്പള്ളിക്കുന്നേൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്നു മുതൽ വളർത്തു നായകൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങും.
വിവിധ കേന്ദ്രങ്ങളിൽ ക്യാന്പ് ചെയ്താണ് കുത്തിവയ്പ്പ് നടത്തുക. ഇന്നു രാവിലെ ഒന്പതിന് കുത്തിവയ്പ്പിന് ആനപ്പന്തിയിൽ തുടക്കമാകും. വൈകുന്നേരം 4.30 ന് വാഴയിൽ ജംഗ്ഷനിലും, നാളെ രാവിലെ ഒന്പതിന് എംപി പാലം ഭാഗത്തുനിന്ന് തുടങ്ങി 4.30ന് മുരിക്കുംകരി സ്നേഹഭവന് പരിസരത്തും, 30ന് രാവിലെ 9.30ന് ചരൾ പെട്രോൾ പമ്പിന്റെ പരിസരത്തുനിന്ന് തുടങ്ങി ഉച്ച കഴിഞ്ഞ് മൂന്നിന് ഒസി കുന്നിൽ അവസാനിക്കമെന്നും അധികൃതർ അറിയിച്ചു. കുത്തിവയ്പ്പുകൾ ക്യാമ്പ് സ്ഥലങ്ങളിൽ വച്ച് മാത്രമാണ് നടത്തുക.
ഉടമകൾ ക്യാന്പുകളിൽ നായ്ക്കളെ കൊണ്ടുവന്ന് വാക്സിനേഷന് വിധേയമായമാക്കണം. വാക്സിനേഷൻ കാർഡുകളുള്ളവർ നിർബന്ധമായും കൊണ്ടുവരണമെന്നും നായകൾക്ക് പഞ്ചായത്തിൽ നിന്ന് ലൈസൻസ് എടുക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഓരോ വാക്സിനേഷനും 45 രൂപാ അടയക്കണം.