പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം; പക്ഷേ, ലിങ്കിൽ ക്ലിക്ക് ചെയ്യരുത്
1338900
Thursday, September 28, 2023 1:16 AM IST
കണ്ണൂർ: ഇൻസ്റ്റഗ്രാമിൽ എത്തിയ ഓൺലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് കണ്ണൂരിൽ യുവതിക്ക് പണം നഷ്ടമായി. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരു വാട്സ് ആപ്പ് അക്കൗണ്ടിലേക്ക് പോകുകയും അതിൽ മറ്റൊരുലിങ്ക് അയച്ചുകിട്ടുകയുമായിരുന്നു.
അതിനുശേഷം ഫോൺ നമ്പറും ഇ-മെയിൽ ഐഡിയും കൊടുത്ത് ഒരു വാലറ്റ് ക്രീയേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷം വിവിധ ടാസ്കുകൾ എന്ന രീതിയിൽ പണം നിക്ഷേപിക്കാൻ ഗൂഗിൾ പേ നമ്പർ, യുപിഐഡി, വിവിധ ബാങ്ക് അക്കൗണ്ടുകൾ എന്നിവ അവർ അയച്ചുകൊടുത്തു. പണം നിക്ഷേപിച്ചാൽ ലാഭം, കമ്മീഷൻ എന്നിങ്ങനെ കൂടുതൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. യുവതി പണം അയച്ചുകൊടുക്കുമ്പോൾ നേരത്തെ ക്രിയേറ്റ് ചെയ്ത വാലറ്റിൽ അയച്ചു കൊടുത്ത പണത്തേക്കാൾ ഇരട്ടിയായി കാണിക്കുകയും ചെയ്തു. ഇതുകണ്ട യുവതി വീണ്ടും പണം നിക്ഷേപിച്ചു.
നിക്ഷേപിച്ച പണം പിൻവലിക്കാൻ പറ്റാതെ വന്നപ്പോൾ വീണ്ടും ഓരോ കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. കൊടുത്ത പണം തിരിച്ചു കിട്ടുന്നതിനു വേണ്ടി യുവതി കൂടുതൽ പണം നിക്ഷേപിക്കുകയും ചെയ്തു. അതുവഴി യുവതിക്ക് വൻതുക നഷ്ടമായി. ഇതേതുടർന്നാണ് സൈബർ പോലീസിൽ പരാതിയുമായി എത്തിയത്.
കണ്ണൂരിൽ രണ്ട്
കേസുകൾ കൂടി
ജില്ലയിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വഴി ഓൺലൈൻ പാർട്ട് ടൈം ജോബ് വാഗ്ദാനം നൽകി വിവിധ തരത്തിലുള്ള ടാസ്കുകളിലൂടെ പണം കൈക്കലാക്കി വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ചക്കരക്കല്ല്, തലശേരി സ്റ്റേഷനുകളിൽ രണ്ട് കേസുകൾകൂടി രജിസ്റ്റർ ചെയ്തു.ജോലി ആവശ്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് സോഷ്യൽ മീഡിയ വഴി മെസേജ് അയച്ചാണ് തട്ടിപ്പിന് തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്കുകൾ തന്ന് അത് പൂർത്തീകരിച്ചാൽ പണം നൽകിയതിന്റെ ലാഭത്തോടുകൂടി തിരികെ നൽകി വിശ്വാസം നേടിയേക്കും.
പിന്നീട് അങ്ങോട്ട് കൂടുതൽ പണം ടാസ്കിൽ പങ്കെടുക്കാൻ ചോദിക്കുകയും പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് പലർക്കും മനസിലാകുന്നത്. പലർക്കും ലക്ഷങ്ങൾ ഇതു വഴി നഷ്ടമാകുന്നുണ്ട്. ഇതുപോലുള്ള മെസേജുകളും ലിങ്കുകളും നിങ്ങൾക്ക് ലഭിക്കുകയാണെകിൽ പൂർണമായും നിരസിക്കണമെന്നാണ് പോലീസ് പറയുന്നത്.
കാസർഗോഡും
തട്ടിപ്പുകള്‍ തുടരുന്നു
കാസര്‍ഗോഡ്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ജില്ലയില്‍ തുടര്‍ക്കഥയാകുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് നീലേശ്വരം മന്നംപുറത്തെ സി. ഗിരീഷ്കുമാറിന്റെ (50) 1,36,664 രൂപയാണ് സംഘം തട്ടിയെടുത്തത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പേടിഎം, ഗൂഗിള്‍ പേ വഴിയാണ് പണം അയച്ചുകൊടുത്തത്. നീലേശ്വരം പോലീസ് കേസെടുത്തു.
കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ പരസ്യത്തില്‍ വിശ്വസിച്ച് അപേക്ഷ നല്കിയ ദേലമ്പാടി മയ്യളയിലെ മുഹമ്മദ് റഷീദിന്റെ (25) ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2023 മാര്‍ച്ച് ഒമ്പതു മുതല്‍ 19 വരെയുള്ള കാലയളവില്‍ ഷിപ്പിംഗ് കമ്പനിയില്‍ ഓര്‍ഡിനറി സീമാന്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യം മുഹമ്മദ് റഷീദിന്റെ ഫേസ്ബുക്ക് പേജില്‍ വന്നിരുന്നു. ഇതിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അപേക്ഷ വാട്സ്ആപ്പ് മുഖാന്തരം നല്‍കണമെന്നാണ് മറുപടി ലഭിച്ചത്.
തുടര്‍ന്ന് വാട്സ്ആപ്പില്‍ അപേക്ഷ നല്കി. ഇതോടെ മുഹമ്മദ് റഷീദിന് വാട്സ്ആപ്പിലേക്ക് അപ്പോയ്മെന്റ് ഓര്‍ഡര്‍ ലഭിച്ചു. തുടര്‍ നടപടികൾക്കായി പണം അയച്ചുകൊടുക്കാന്‍ രണ്ട് അക്കൗണ്ട് നമ്പറുകളും വാട്സ്ആപ്പില്‍ വന്നു. ആദ്യം ഒരു അക്കൗണ്ട് നമ്പറിലേക്ക് ഗൂഗിള്‍പേ വഴി 50,000 രൂപയും മറ്റൊരു അക്കൗണ്ട് നമ്പറിലേക്ക് ഫോണ്‍പേ വഴി 50,000 രൂപയും അയച്ചുകൊടുത്തു. എന്നാല്‍ പിന്നീട് ജോലി സംബന്ധിച്ച് യാതൊരു അറിയിപ്പും യുവാവിന് ലഭിച്ചില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. ഇതോടെ താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ യുവാവ് ആദൂര്‍ പൊലീസില്‍ പരാതി നല്കി.
മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപത്തെ സനൂബ (30)യും ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. 90,000 രൂപയാണ് നഷ്ടമായത്. മോയ്, ഓഗസ്റ്റ് മാസങ്ങളിലായാണ് പണം നഷ്ടപ്പെട്ടത്. ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്ത സാധനം ലഭിക്കാത്തതിനാല്‍ യുവതി പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. യുവതിയോട് പിന്നീട് സംഘം അഞ്ചു രൂപ അയച്ചു കൊടുക്കാന്‍ ആവശ്യപെട്ടു. ഇത് പ്രകാരം പണം അയച്ചു. ഇതിന് ശേഷം ഗൂഗിള്‍ പേ വഴി യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മുഴുവന്‍ പണവും തട്ടിയെടുക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.