മാഹി സെന്റ് തെരേസാ തീർഥാടന ദേവാലയതിരുനാൾ അഞ്ചു മുതൽ
1338901
Thursday, September 28, 2023 1:16 AM IST
മാഹി: മാഹി സെന്റ് തെരേസാ തീർഥാടന കേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ ആഘോഷത്തിന് ഒക്ടോബർ അഞ്ചിന് കൊടിയേറും. രാവിലെ 11.30 ന് വികാരി ഫാ.വിൻസെന്റ് പുളിക്കൽ കൊടിയേറ്റും. തുടർന്ന് അൾത്താരയിൽ സൂക്ഷിച്ച വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുസ്വരൂപം വിശ്വാസികൾക്ക് പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രത്യേകം തയാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കും. 18 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് സമാപിക്കും. ആഘോഷ ദിവസങ്ങളിൽ തിരുസ്വരൂപത്തിൽ തീർഥാടകർക്ക് പൂമാലകൾ അർപ്പിക്കുവാനും സന്നിധിയിൽ മെഴുകുതിരി തെളിക്കാനും അവസരമുണ്ടാകും.
ഈ വർഷത്തെ തിരുനാൾ ആഘോഷത്തിനിടെ മാഹിയിൽ ക്രിസ്തീയ വിശ്വാസസമൂഹം ഉടലെടുത്തത്തതിന്റെ മൂന്നൂറാം വാർഷികവും ആചരിക്കുമെന്ന് ഇടവക വികാരി ഫാ.വിൻസെന്റ് പുളിക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു. 1723 ൽ ആരംഭിച്ച ദേവാലയത്തിന്റെ 300 വർഷങ്ങൾ 2023 ൽ പിന്നിടുകയാണ്. തിരുനാൾ ആഘോഷ ദിവസങ്ങളിൽ ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും. ഫ്രഞ്ച് ഭാഷയിലും സീറോ മലബാർ റീത്തിലും ദിവ്യബലി നടക്കും.
കൊടിയേറ്റ ദിവസം വൈകുന്നേരം ആറിന് മോൺ.ജെൻസൺ പുത്തൻവീട്ടിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയും നൊവേനയും നടക്കും. ആറിന് വൈകുന്നേരം ആറിന് ഫാ.ജെറാൾഡ് ജോസഫും ഏഴിന് വൈകുന്നേരം ആറിന് ഫാ.സജി വർഗീസും ദിവ്യബലിക്ക് നേതൃത്വം നല്കും. എട്ടിന് അഞ്ച് ദിവ്യബലികൾ ഉണ്ടായിരിക്കും. രാവിലെ ഒൻപതിന് ഫാ.ലോറൻസ് കുലാസ് ഫ്രഞ്ച് ഭാഷയിൽ ദിവ്യബലി അർപ്പിക്കും. വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്ക് ഫാ.മാർട്ടിൻ രായപ്പൻ കാർമികത്വം വഹിക്കും.
ഒൻപതിന് വൈകുന്നേരം ആറിന് ഫാ.അലോഷ്യസ് കുളങ്ങര ദിവ്യബി അർപ്പിക്കും. 10 ന് വൈകുന്നേരം ആറിന് നടക്കുന്ന ഇംഗ്ലീഷ് ദിവ്യബലിക്ക് റവ.ഡോ.പീറ്റർ മച്ചാദോ കാർമികത്വം വഹിക്കും.11 മുതൽ 13 വരെ വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. വില്യം രാജൻ, ഫാ.മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ, മോൺ.ക്ലാരൻസ് പാലിയത്ത് എന്നിവർ നേതൃത്വം നല്കും.
തിരുനാൾ ആഘോഷത്തിന്റെ പ്രധാന ദിവസങ്ങളായ 14 ന് തിരുനാൾ ജാഗരദിനത്തിൽ രാത്രി അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം ഉണ്ടായിരിക്കും. അന്ന് വൈകുന്നേരം അഞ്ചിന് റവ.ഡോ.ആന്റണി സാമി പീറ്റർ അബിറിന്റെ കാർമികത്വത്തിൽ തമിഴ് ഭാഷയിൽ ദിവ്യബലി അർപ്പിക്കും.15ന് പുലർച്ചെ ഒന്നുമുതൽ ആറുവരെ ശയനപ്രദക്ഷിണം. തുടർന്ന് 10.30 ന് കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലി. വൈകുന്നേരം അഞ്ചിന് മേരി മാതാ കമ്യൂണിറ്റി ഹാളിൽ സ്നേഹസംഗമം നടക്കും. 16ന് താമരശേരി ബിഷപ് ഡോ.റെമിജിയൂസ് ഇഞ്ചനാനിയിൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ദിവ്യബലിക്ക് ഫാ.മാത്യു തൈക്കൽ, ഫാ.പോൾ ആൻഡ്രൂസ്, ഫാ.അലക്സ് കളരിക്കൽ, ഫാ.സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ, ഫാ.ബെന്നി മണപ്പാട്ട്, ഫാ.പോൾ പേഴ്സി ഡിസിൽവ എന്നിവർ കാർമികത്വം വഹിക്കും. 22 ന് ഉച്ചകഴിഞ്ഞ് മൂന്നോടെ പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ച തിരുസ്വരൂപം ഇടവകവികാരി അൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾ ആഘോഷത്തിന് സമാപനമാകും. തീർഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യം കോളജ് ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ടെന്ന് ഇടവക വികാരി അറിയിച്ചു. പത്രസമ്മേളനത്തിൽ സഹവികാരി ഫാ.ഡിലു റാഫേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ, അഗസ്റ്റിൻ, മീഡിയ കൺവീനർ സ്റ്റാൻലി ഡിസിൽവ, ജോസ് പുളിക്കൽ, ജോസ് ബേസിൽ ഡിക്രൂസ് എന്നിവരും പങ്കെടുത്തു.