നാട്ടുകാരുടെ ഗതാഗതം താറുമാറാക്കി പഞ്ചായത്ത് റോഡിൽ ‘സ്വകാര്യ' വികസനം!
1338903
Thursday, September 28, 2023 1:16 AM IST
കുടിയാന്മല: സ്വകാര്യ ക്രഷർ യൂണിറ്റിലേക്ക് ടോറസ് ലോറികളെത്തിക്കാൻ പഞ്ചായത്ത് റോഡിൽ അശാസ്ത്രീയവും അനധികൃതവുമായി ക്രഷർ ഉടമകൾ നടത്തുന്ന ‘വികസനം' പ്രദേശവാസികളുടെ യാത്രാ സൗകര്യത്തെ താറുമാറാക്കി. കുടിയാന്മല-കനകക്കുന്ന് റോഡിലെ കവരപ്ലാവ് ജംഗ്ഷനിൽ നിന്ന് മുന്നൂർകൊച്ചി മലയിലെ ചെകുത്താൻകാട് ഭാഗത്തേക്കുള്ള റോഡാണ് ദുരിതാവസ്ഥയിലായത്.
ചെറുവാഹനങ്ങളും കാൽനടയാത്രികരും ഇക്കാലമത്രയും സുഗമമായി സഞ്ചരിച്ചിരുന്ന റോഡിൽ ഇപ്പോൾ ഗതാഗതം തീർത്തും അസാധ്യമായിരിക്കുകയാണ്. നടുവിൽ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയിരുന്ന റോഡിൻന്റെ ഇരുഭാഗത്തുമുള്ള ഓവുചാലുകൾ മണ്ണിട്ടു നികത്തി ക്രഷർ ഉടമകൾ റോഡിന്റെ വീതി കൂട്ടുകയായിരുന്നു. ഇതോടെ മലഞ്ചെരിവുകളിൽ നിന്നെത്തുന്ന മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകി ടാറിംഗ് തകരുകയായിരുന്നു.
റോഡിൽ രണ്ടിടങ്ങളിലെ കലുങ്ക് പാലങ്ങളും ഭാഗികമായി തകർന്ന് അപകടാവസ്ഥയിലായി. ഇതുവഴി ഇപ്പോൾ ഓട്ടോറിക്ഷക്കു പോലും കടന്നു പോകാൻ കഴിയില്ല. അതേസമയം ഇവിടെ ക്രഷർ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ലൈസൻസുകളൊക്കെ ലഭിച്ചിട്ടുണ്ടെന്ന് ഉടമകൾ അവകാശപ്പെടുന്നുണ്ടെങ്കിലും, മലഞ്ചെരിവിലെ പാറ ഖനനം ചെയ്യാനോ സ്ഫോടനം നടത്താനോ അനുമതിയില്ലെന്ന് ആക്ഷേപമുന്നയിക്കുന്ന നാട്ടുകാർ ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്.