തുരത്തിയതിനു പിന്നാലെ ജനവാസകേന്ദ്രത്തിൽ തിരിച്ചെത്തി കാട്ടാനകൾ
1338905
Thursday, September 28, 2023 1:16 AM IST
വഞ്ചിയം: പയ്യാവൂർ പഞ്ചായത്ത് അതിർത്തിയിൽ സോളാർ വേലിക്കിപ്പുറമായി തന്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തിയതിനു പിന്നാലെ കൂട്ടത്തിലെ മൂന്ന് കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്ക് തിരിച്ചെത്തി. വഞ്ചിയത്താണ് മൂന്ന് കാട്ടാനകളെത്തിയത്.
നേരത്തെ കാട്ടിലേക്ക് കയറ്റിവിട്ട രണ്ട് കുട്ടികളുൾപ്പെടുന്ന എട്ടംഗ ആനക്കൂട്ടത്തിലെ മൂന്ന് ആനകളാണ് ഇതെന്നാണ് പറയുന്നത്. വനാതിർത്തിയിൽ വേലി ഇല്ലാത്ത ഏരുവേശി, ഉദയഗിരി, ഉളിക്കൽ പഞ്ചായത്തിന്റെ ഭാഗങ്ങളിലൂടെയാകാം ഇവ തിരിച്ചെത്തിയതെന്നാണ് നിഗമനം.
വനംവകുപ്പിന്റെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 70 അംഗ ദൗത്യസംഘമാണ് ഒന്നരദിവസത്തെ കഠിന പ്രയത്നത്തിലൂടെ പയ്യാവൂർ പഞ്ചായത്തിൽ നിന്നും കാട്ടാനകളെ കാട്ടിലേക്ക് നേരത്തെ തുരത്തിയത്.