ചന്ദനക്കടത്ത് സംഘം പിടിയിൽ
1339111
Friday, September 29, 2023 12:48 AM IST
തളിപ്പറമ്പ്: ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 13.900 കിലോഗ്രാം ചന്ദനത്തടികളുമായി രണ്ടു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. പാടിയോട്ടുചാല്‍ പൊന്നംവയലിലെ പി.ജയനാരായണന്‍ (43), പെരിങ്ങാലയിലെ ഇ.ജെ.സണ്ണി പൗലോസ്(56)എന്നിവരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഷൈജന്‍, വാവ എന്ന ശ്രീജിത്ത് എന്നിവരാണ് രക്ഷപ്പെട്ടത്. ചന്ദനമരങ്ങൾ മുറിച്ച് കടത്തുന്ന സംഘംഗമാണിവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചന്ദനമുട്ടികൾക്കൊപ്പം മരം മുറിക്കാനുപയോഗിക്കുന്ന മഴു ഉൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടി.
ചന്ദനം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.അറസ്റ്റിലായ സണ്ണി പൗലോസിന്റേതാണ് ഓട്ടോ. ഈ ഓട്ടോ ചന്ദനക്കടത്തിന് മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയ ചന്ദനത്തിന് ഏകദേശം 30,000 രൂപ വിലവരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചന്ദനമരങ്ങൾ മുറിച്ചു കടത്തിയതായി പിടിയിലായവർ മൊഴി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷപ്പെട്ടവരെ കണ്ടെത്താനായി വനംവകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അടുത്തകാലത്തായി മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്, പറശിനിക്കടവ്, പരിയാരം ചെറുവിച്ചേരി, ചക്കരക്കൽ എന്നിവിടങ്ങളില്‍ നിന്ന് ചന്ദനമരം മോഷണംപോയിരുന്നു. ഇവരെ കൂടുതലായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് റേഞ്ച് ഓഫീസര്‍ പി. രതീശൻ പറഞ്ഞു. പ്രതികള അറസ്റ്റ് ചെയ്ത സംഘത്തിൽ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.മധു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.കെ.ജിത്തു, മിന്നു ടോമി എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ചക്കരക്കൽ: ഇരിവേരിയിൽ ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശിവപുരം വെമ്പിടിത്തട്ടിൽ സ്വദേശികളായ എം.ലിജിൻ (29), കെ.വി.ശ്രുതിൻ (29) എന്നിവരെയാണ് ചക്കരക്കൽ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
ഇരിവേരിയിലെ കേളോത്ത് വീട്ടിൽ കെ.നാണുവിന്റെ വീട്ടുവളപ്പിലെ ചന്ദനമരമാണ് മുറിച്ചുകടത്തിയത്. ഇവിടുത്തെ സിസിടിവി കാമറകളും കവർന്നിരുന്നു. ഈ മാസം 16 ന് പുലർച്ചെയായിരുന്നു സംഭവം.