കണ്ണൂർ വിമാനത്താവളം; യാത്രക്കാർ അരക്കോടി കടന്നു
1339112
Friday, September 29, 2023 12:48 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 50 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്നലെ ഉച്ചയ്ക്ക് ഷാർജയിൽ നിന്നും കണ്ണൂരിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരായ പയ്യന്നൂരിലെ അജീഷും ഭാര്യ കവിതയുമാണ് 50 ലക്ഷം പിന്നിട്ട യാത്രക്കാർ. ഇരുവർക്കും വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഉച്ചയ്ക്ക് 12.50ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലായിരുന്നു 50 ലക്ഷമെന്ന നേട്ടം കൈവരിച്ചത്.
ഷാർജയിൽ അക്കൗണ്ടന്റായ അജീഷ് ഭാര്യക്കൊപ്പം അവധി ആഘോഷിക്കാൻ നാട്ടിലെത്തിയതായിരുന്നു. ഇരുവരെയും ജനപ്രതിനിധികളും കിയാൽ അധികൃതരും ചേർന്നു സ്വീകരിച്ചു.
സ്പീക്കർ എ.എൻ. ഷംസീർ, കെ.കെ. ശൈലജ എംഎൽഎ എന്നിവർ ചേർന്നു വിമാനത്താവളത്തിന്റെ ഉപഹാരം ദമ്പതികൾക്ക് നൽകി. കിയാൽ എംഡി സി.ദിനേശ് കുമാർ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ, യോഗേഷ് ഗുപ്ത ഐപിഎസ്, അജയകുമാർ, കണ്ണൂരിലെ ആദ്യ വിമാന സർവീസിലെ യാത്രികരായ മുഹമ്മദ് ഫൈസൽ, ജയദേവൻ മാൽഗുഡി, എസ്.കെ. ഷംസീർ എന്നിവരും സംബന്ധിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളമായി കണ്ണൂർ മാറുമെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. പോയിന്റ് ഓഫ് കോൾ പദവി കൂടി ലഭിച്ചാൽ വിമാനത്താവളം കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്ന് കെ.കെ. ശൈലജ എംഎൽഎ പറഞ്ഞു.
50 ലക്ഷം യാത്രക്കാരെന്നത് ഏറെ അഭിമാനം നൽകുന്നുവെന്ന് കിയാൽ എംഡി ദിനേശ് കുമാർ പറഞ്ഞു. 2018 ഡിസംബർ ഒൻപതിന് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച കണ്ണൂർ വിമാനത്താവളം ഡിസംബറിൽ അഞ്ചു വർഷം പൂർത്തിയാക്കും.
വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് കണ്ണൂർ വിമാനത്താവളം 50 ലക്ഷം യാത്രക്കാർ എന്ന നാഴികക്കല്ല് പിന്നിടുന്നത്.