പുറത്ത് പോകുന്നത് വിലക്കിയതിന് നഴ്സിംഗ് ഓഫീസർക്ക് രോഗിയുടെ മർദനം, പ്രതി അറസ്റ്റിൽ
1339114
Friday, September 29, 2023 12:48 AM IST
കൂത്തുപറമ്പ്: കൂത്തുപറന്പ് താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് ഓഫീസറെ മർദിച്ച രോഗി അറസ്റ്റിൽ. നഴ്സിംഗ് ഓഫീസർ കെ.കെ.അഖിലിനാണ് (28) മർദനമേറ്റത്. സംഭവത്തിൽ നിർമലഗിരി സൂര്യൻ കുന്നിലെ ഉമേഷിനെ (45) കൂത്തുപറമ്പ് പോലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.
കാലിന് അണുബാധയുണ്ടായതിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ഉമേഷ് ആശുപത്രി അധിതൃതരുടെ സമ്മതമില്ലാതെ പുറത്ത് പോയിരുന്നു. ഇയാൾ തിരിച്ചെത്തിയപ്പോൾ അനുമതിയില്ലാതെ ആശുപത്രിക്ക് പുറത്തുപോകരുതെന്ന് പറഞ്ഞ വിരോധത്തിൽ മർദിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തടിച്ചെന്നാണ് അഖിൽ നൽകിയ പരാതിയിൽ പറയുന്നത്.
ജീവനക്കാരനെ മർദിച്ചതിനെത്തുടർന്ന് രാത്രി പന്ത്രണ്ടോടെ ഉമേഷിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇതിനു പിന്നാലെ രാവിലെ ഇയാളെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആശുപത്രി ജീവനക്കാരനെ മർദിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തി ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തിയതിനുമാണ് കേസ്.
ആക്രമണത്തിൽ പ്രതിഷേധിച്ച് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശുപത്രിക്കു മുന്നിൽ പ്രതിഷേധയോഗം നടത്തി. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത കുമാരി ഉദ്ഘാടനം ചെയ്തു. ഡോ. ഷിനോ അധ്യക്ഷത വഹിച്ചു. നഴ്സിംഗ് സൂപ്രണ്ട് ലത, നഴ്സിംഗ് ഓഫീസർ കെ. സരൂൺ, എം.രാജേന്ദ്രൻ, വിപിന ചന്ദ്രൻ, സി. ബേബി, ഗിരീഷ് എന്നിവർ പ്രസംഗിച്ചു.