ഭവനരഹിതരില്ലാത്ത കേരളം സർക്കാരിന്റെ ലക്ഷ്യം: എ.എൻ. ഷംസീർ
1339117
Friday, September 29, 2023 12:48 AM IST
ഇരിട്ടി: മുഴുവൻ പേർക്കും വീട് എന്നത് യാഥാർഥ്യമാക്കുക എന്ന ലക്ഷ്യവുമായാണ് എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ലക്ഷ്യത്തിലേക്കുള്ള പാതയിലൂടെയാണ് സംസ്ഥാനമിപ്പോൾ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരിട്ടി നഗരസഭയിൽ ലൈഫ്- പിഎംഎവൈ (യു) ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുന്നാട് നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭയിൽ ആകെ 543 ഗുണഭോക്താക്കളെയാണ് കണ്ടത്തിയത്. ഇതിൽ 55 പേർ പട്ടികജാതി-വർഗക്കാരാണ്. നിലവിൽ 418 ലധികം വീടുകളുടെ നിർമാണം പൂർത്തിയായി. അവശേഷിക്കുന്നവയുടെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കും.
നഗരസഭയിൽ കണ്ടെത്തിയ 58 ഭൂരഹിതർക്ക് ഭൂമി ലഭ്യമാകുന്ന മുറക്ക് വീട് നിർമിച്ച് നൽകും. പിഎംഎവൈ വായ്പ പദ്ധതിയിലൂടെ 260 പേർക്ക് സബ്സിഡിയോടെ വായ്പയും ലഭ്യമാക്കിയിട്ടുണ്ട്.
ഇരിട്ടി നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. ബൽക്കീസ്, എ.കെ. രവീന്ദ്രൻ, കെ. സോയ, കെ. സുരേഷ്, ടി.കെ. ഫസീല, കൗൺസിലർമാരായ ടി.വി. ശ്രീജ, സമീർ പുന്നാട്, വി. ശശി, എ.കെ. ഷൈജു, പി. ഫൈസൽ, സിഡിഎസ് ചെയർപേഴ്സൺ കെ. നിധിന, നഗരസഭ സൂപ്രണ്ട് പി.വി. നിഷ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.