ഖനനത്തിൽ കവരപ്ലാവ് കുലുങ്ങുന്നു
1339379
Saturday, September 30, 2023 1:32 AM IST
നടുവിൽ: നടുവിൽ പഞ്ചായത്തിലെ കനകക്കുന്ന് കവരപ്ലാവിൽ പുതുതായി തുടങ്ങുന്ന ക്രഷറിന്റെ മറവിൽ വൻ കരിങ്കൽ ഖനനം. സ്ഫോടനം നടത്തിയാണ് കൂറ്റൻ പാറകൾ തകർക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ സ്ഫോടനത്തിന്റെ പ്രകമ്പനം ഒരു കിലോമീറ്ററിലധികം അകലെ വരെ അനുഭവപ്പെട്ടു.
ജനങ്ങളുടെ പരാതിയെ തുടർന്ന് കരിങ്കൽ ഖനനം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. നേരത്തെ പഞ്ചായത്തിൽ പരാതി നൽകിയിട്ടും വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. ഇതേ തുടർന്ന് പോലീസിലും പരാതി നൽകിയതിനു പിന്നാലെയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ക്രഷർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ അനുമതി ഉണ്ടെങ്കിൽ അത് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപ് 12 അടി വീതിയിൽ കവരപ്ലാവിൽനിന്നുള്ള റോഡ് നവീകരിച്ചിരുന്നു. ചെങ്കുത്തായ മലഞ്ചെരിവിലാണ് ഇപ്പോൾ ഖനനം. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് സ്ഫോടനത്തിന് ശേഷം കല്ലുകൾ പൊട്ടിക്കുന്നത്. കുടിയാൻമല ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ചെങ്കുത്തായ മലയിൽ അനധികൃത ഖനനം നടത്തുന്നത്.
മറ്റ് പാറമടകളിൽ നിന്ന് കൊണ്ടുവരുന്ന കല്ലുകൾ സംസ്കരിക്കാനുള്ള ലൈസൻസ് ഉണ്ടെന്നാണ് ഉടമകൾ പറയുന്നത്. ഇതിന്റെ മറവിൽ ആണ് വൻതോതിൽ ഖനനം നടത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. എതിർപ്പു പ്രകടിപ്പിച്ചവരോട് ക്വാറിയല്ല ക്രഷർ യൂണിറ്റാണ് നടത്തുന്നതെന്നായിരുന്നു കന്പനി ഉടമകൾ പറഞ്ഞിരുന്നത്.
2015ലെ കേരള മൈനർ മിനറൽ കൺസഷൻ റൂൾസ് പ്രകാരം ക്വാറി ലീസിലുള്ളവർക്ക് മാത്രമാണ് മെറ്റൽ ക്രഷർ യൂണിറ്റ് നടത്താൻ അനുമതി ലഭിക്കുക. കുടിയാമല ഗ്രാനൈറ്റ്സ് കമ്പനിക്ക് ഈ പ്രദേശത്തോ സമീപപ്രദേശങ്ങളിലോ ക്വാറി നടത്താൻ ലീസ് നിലവിലില്ല. വർഷങ്ങൾക്കു മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന അനധികൃത ക്വാറിക്കെതിരെ നാട്ടുകാർ പ്രക്ഷോഭം നടത്തിയിരുന്നു. ഇതിന്റെ ഫലമായി ക്വാറിപ്രവർത്തനം നിർത്തിയിരുന്നു. അതേ സ്ഥാപനം തന്നെയാണ് മറ്റൊരു മാനേജ്മെന്റിന്റെ പേരിൽ ഇപ്പോൾ ഖനനം നടത്തുന്നത്. ഉരുൾപൊട്ടൽ സാധ്യതാ പ്രദേശം എന്ന നിലയിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി റെഡ് സോണിൽ പെടുത്തിയിട്ടുള്ള പ്രദേശമാണിത്.
പൂട്ടിയ ക്വാറിയുടെ മറു ചെരിവിലാണ് ഇപ്പോൾ ഖനനം നടത്തുന്നത്. ഭൂമി വിണ്ടുകീറിയതിനെത്തുടർന്ന് പൂട്ടിയ പാത്തൻപാറ ക്വാറി ഇതേ മലയുടെ മറുചെരിവിലാണ്. വലിയ തോതിൽ വിള്ളലുകൾ രൂപപ്പെട്ട പാത്തൻപാറയിൽ ആശങ്കയോടെയാണ് ഇപ്പോഴും ആളുകൾ കഴിയുന്നത്.
ഉരുൾപൊട്ടൽ തുടർക്കഥ
കവരപ്ലാവ് ഉൾപ്പെടുന്ന മുന്നൂർ കൊച്ചിമല ഉരുൾപൊട്ടലിന്റെ കേന്ദ്രമാണ്. 1998നു ശേഷം ചെറുതും വലുതുമായ 16 ഉരുൾപൊട്ടലുകൾ മലയിൽ ഉണ്ടായിട്ടുണ്ട്. 2018ൽ ഉരുൾപൊട്ടലിൽ റോഡും പാലവും ഒഴുകിപ്പോയിരുന്നു. ഗ്രാമപ്പഞ്ചായത്ത് ലോറികളിൽ എത്തിച്ചാണ് കഴിഞ്ഞ വേനലിൽ കുടിവെള്ളം വിതരണം ചെയ്തത്. വേനൽ തുടങ്ങുന്നതോടെ മുൻപൊരിക്കലും വറ്റാത്ത നീരുറവകളും തോടും വരളുന്നതും കുടിവെള്ള ക്ഷാമത്തിന് കാരണമായിട്ടുണ്ട്.
വനം തൊട്ടടുത്ത്
കരാമരംതട്ട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള മുന്നൂർ കൊച്ചി വനത്തോട് ചേർന്നാണ് ക്രഷർ സ്ഥാപിക്കുന്നത്. വന്യജീവി ആക്രമം മൂലം പൊറുതിമുട്ടിക്കഴിയുകയാണ് പ്രദേശവാസികൾ.
ക്രഷറും കരിങ്കൽ ഖനനവും തങ്ങളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുമെന്ന് നാട്ടുകാർ പറയുന്നു. അനുമതി ഇല്ലാതെ റോഡ് പണിയുടെ പേരിൽ കരിങ്കൽ ഖനനം നടത്തിയത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇനി ഇവിടെ കരിങ്കൽ ഖനനം നടത്താൻ അനുവദിക്കില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോഷി കണ്ടത്തിലും, പഞ്ചായത്ത് മെംബർമാരായ അലക്സ് ചുനിയംമാക്കലും, സാജു ജോസഫും പറഞ്ഞു.
നാട്ടുകാരുടെ സ്വൈര്യ ജീവിതം തകർക്കുന്ന ഖനനം യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ക്രഷർ മാത്രം പ്രവർത്തിപ്പിക്കുന്നതിന് നാട്ടുകാർ എതിരല്ലെന്നും പോലീസിൽ പരാതി നൽകിയ ജയ്സൺ പാമ്പയ്ക്കലും പറഞ്ഞു.