വായാട്ടുപറമ്പ് ഫൊറോന ദേവാലയത്തിന്റെ ശിലാസ്ഥാപനം നാളെ
1339380
Saturday, September 30, 2023 1:32 AM IST
വായാട്ടുപറമ്പ്: കുടിയേറ്റ മേഖലയിലെ പുരാതന ദേവാലയങ്ങളിൽ ഒന്നായ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോനാ ഇടവകയ്ക്കുവേണ്ടി നിർമിക്കുന്ന പുതിയ പള്ളിയുടെ ശിലാസ്ഥാപന കർമം തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നാളെ രാവിലെ ഒന്പതിന് നിർവഹിക്കും. കുടിയേറ്റ ശതാബ്ദിയോടനുബന്ധിച്ചാണ് പുതിയ ദേവാലയ നിർമാണം.
മലയോര ഹൈവേയ്ക്ക് അഭിമുഖമായാണ് പുതിയ ദേവാലയം നിർമിക്കുന്നത്. ഇടവക വികാരി ഫാ. തോമസ് തെങ്ങുംപള്ളിയുടെ നേതൃത്വത്തിൽ ഇടവക കോ-ഓഡിനേറ്റർ മാത്യു പുത്തൻപുര ജനറൽ കൺവീനറും, കൈക്കാരന്മാരായ ആന്റണി മഞ്ഞളാംകുന്നേൽ, ജേക്കബ് വളയത്ത്, ജോസ് വട്ടപ്പറമ്പിൽ, തോമസ് കണ്ണാമ്പടം, രാജു വരിക്കാംതൊട്ടിയിൽ, റോബി ചെല്ലങ്കോട്ട്, പാരിഷ്കൗൺസിൽ സെക്രട്ടറി ജയ്സൺ അട്ടാറിമാക്കൽ എന്നിവർ കൺവീനർമാരായുമായുള്ള 201 അംഗകമ്മിറ്റി ദേവാലയ നിർമാണത്തിന് നേതൃത്വം കൊടുക്കുന്നു.
ബാംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മോണ്ടിമേഴ്സ് ആർക്കിടെക്ചറൽ കമ്പനിയാണ് പുതിയ ദേവാലയം രൂപകല്പന ചെയ്തിരിക്കുന്നത്. ഇടവകയിൽനിന്ന് നിർമിച്ചുകൊടുക്കുന്ന ആറാമത്തെ ഭവനത്തിന്റെ അടിസ്ഥാനശിലയും ഇതോടൊപ്പം വെഞ്ചിരിക്കും.
ആദ്യദേവാലയം 1933ൽ
1928 ലാണ് ആദ്യ കുടിയേറ്റക്കാർ വായാട്ടുപറമ്പ് പ്രദേശത്ത് എത്തിച്ചേർന്നത്. ആ വർഷം മുതൽ തന്നെ തളിപ്പറമ്പ് തൃച്ചംബരത്തുള്ള ലത്തീൻ ദേവാലയത്തിൽനിന്നുള്ള വൈദികർ ഇവിടെ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു.
1933ലാണ് ആദ്യദേവാലയം നിർമിക്കുന്നത്. 1953ല് തലശേരി രൂപത സ്ഥാപിതമായെങ്കിലും 1962 വരെ വായാട്ടുപറമ്പ് പള്ളി കോഴിക്കോട് രൂപതയുടെ ഭാഗമായിരുന്നു. തലശേരി അതിരൂപതയിൽനിന്നുള്ള ആദ്യകാല വൈദികരുടെ നേതൃത്വത്തിൽ വായാട്ട്പറമ്പ് യുപി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവ ആരംഭിക്കുകയും കുടിയേറ്റ മേഖലയിലെ മികച്ച ഇടവകയായി മാറുകയും ചെയ്തു.
1976 മുതൽ 1986 വരെ ഇവിടെ വികാരിയായി സേവനമനുഷ്ഠിച്ച ജോസ് മണിമലത്തറപ്പിലച്ചൻ ആണ് നിലവിലുള്ള പള്ളി പണി കഴിപ്പിച്ചത്. 2008ൽ ഫൊറോനയായി ഉയർത്തപ്പെട്ട വായാട്ടുപറമ്പ് ഇടവകയിൽ 800 ലധികം കുടുംബങ്ങളാണ് ഉള്ളത്.