സമരത്തിൽ നിർമാണ പ്രവൃത്തികൾ തടസപ്പെടുന്നു; അതൃപ്തി അറിയിച്ച് ദേശീയപാത അഥോറിറ്റി
1339398
Saturday, September 30, 2023 1:45 AM IST
കണ്ണൂർ: കണ്ണൂർ ജില്ലയിൽ ദേശീപാത നിർമാണപ്രവൃത്തി തടസപ്പെടുന്ന രീതിയിലുള്ള സമരങ്ങളിൽ അതൃപ്തി അറിയിച്ച് ദേശീയപാത അഥോറിറ്റി. തളിപ്പറന്പ് മുതൽ മുഴപ്പിലങ്ങാട് വരെയുള്ള 30 കിലോ മീറ്റർ ദൂരത്തിനിടയിലാണ് അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ സംഘടനകൾ ഉൾപ്പെടെ സമരത്തിനിറങ്ങിയിരിക്കുന്നത്.
എന്നാൽ, നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന് ഇത്തരം സമരങ്ങൾ തടസമാണെന്നാണ് ദേശീയപാത വിഭാഗം അധികൃതർ പറയുന്നത്. നിലവിൽ, അടിപ്പാത ആവശ്യപ്പെട്ട് ഒരു സമരം തുടങ്ങിയാൽ അവിടെനിന്ന് ഇരുവശങ്ങളിലേക്കും അരക്കിലോമീറ്റർ വീതം നിർമാണപ്രവൃത്തി നിർത്തിവയ്ക്കേണ്ടതായി വരുന്നു. കല്യാശേരിയിൽ അടിപ്പാത സമരം നടത്തിയപ്പോൾ ആറുമാസത്തേക്ക് നിർമാണപ്രവൃത്തി നിർത്തിവച്ചതായി ദേശീയപാത അധികൃതർ പറയുന്നു. നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളിൽ നിർമാണപ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാർക്ക് സർക്കാരിലേക്ക് പിഴയടയ്ക്കേണ്ടി വരും.
നിലവിൽ, തളിപ്പറന്പ്-മുഴപ്പിലങ്ങാട് ദേശീയപാതയിൽ നാല് അടിപ്പാതകളാണ് അനുവദിച്ചിരിക്കുന്നത്. കുളംബസാർ, കല്യാശേരി, ഊർപ്പഴശിക്കാവ്, എളയാവൂർ സൗത്ത് എന്നിവടങ്ങളിലാണ് അടിപ്പാതകൾക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനിടയിൽ, മുഴുപ്പിലങ്ങാട് മഠം ജംഗ്ഷൻ, ഒകെ യുപി സ്കൂൾ നടാൽ, ഈരാണി പാലം എന്നിവടങ്ങളിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചിട്ടുണ്ട്.
സമരക്കാർ പലപ്പോഴും ദേശീയപാത നിർമാണ പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ പോലീസ് സംരക്ഷണയിലാണ് നിർമാണ പ്രവൃത്തി തുടരുന്നത്. അരക്കിലോമീറ്ററിനുള്ളിൽ തന്നെ രണ്ട് അടിപ്പാതകൾ വേണമെന്ന ആവശ്യവുമായും ചില സമരക്കാർ രംഗത്തുണ്ട്.