മലയോരത്ത് കനത്ത മഴ, മണ്ണിടിച്ചിൽ
1339686
Sunday, October 1, 2023 6:57 AM IST
ഇരിട്ടി: കനത്ത മഴയിൽ മലയോര മേഖലയിൽ പലയിടത്തും വെള്ളം കയറിയതിനൊപ്പം മണ്ണിടിച്ചിൽ ഭീഷണിയും. കർണാടക വനത്തിൽ ഉരുൾ പൊട്ടലുണ്ടായതായും സംശയമുണ്ട്. മണിക്കടവ് ചപ്പാത്ത് പാലത്തിൽ വെള്ളം കയറി.
പേരട്ടയിൽ വീട്ടു കിണർ ഇടിഞ്ഞു താഴ്ന്നു. കല്ലൻതോടിൽ വളയൻകോട് രാധാകൃഷ്ണന്റെ വീടിനു സമീപത്തെ കിണറാണ് പൂർണമായും തകർന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെംബർ ബിജു വെങ്ങലപ്പള്ളിയുടെ നിർദേശത്തെ തുടർന്ന് രാധാകൃഷ്ണനെയും ഭാര്യയും സുരക്ഷിത സ്ഥലത്ത് മാറ്റിപ്പാർപ്പിച്ചു.
ഉളിക്കൽ പുറവയൽ റോഡിൽ ഹൈസ്കൂളിന് സമീപം മീറ്ററുകളോളം ഉയരമുള്ള മൺതിട്ട കനത്ത മഴയിൽ ഇടിഞ്ഞു വീണത് അപകട ഭീഷണി ഉയർത്തുകയാണ്. കഴിഞ്ഞ തവണയും മഴയിൽ ഇവിടെ മണ്ണ് ഇടിഞ്ഞിരുന്നു. ഇത് നാലാം തവണയാണ് മണ്ണിടിയുന്നത്. ഏതു സമയത്തും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ സുരക്ഷ മുൻനിർത്തി ഇതുവഴിയുള്ള ഗതാഗതം നിരോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
മലയോരത്ത് കനത്ത മഴ, മണ്ണിടിച്ചിൽ
കൊളക്കാട്: ഇന്നലെ വൈകുന്നേരം വീശിയടിച്ച കനത്ത കാറ്റിൽ മരം കടപുഴകി വീണ് വൈദ്യുതതൂണുകൾ തകർന്നു. ചെങ്ങോം-കൊളക്കാട് റോഡിൽ നെല്ലിക്കുന്ന് ഇറക്കത്തിലാണ് റബർ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതതൂണുകളും ലൈനുകളും തകർന്നത്. കെഎസ്ഇബി അധികൃതരും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി. പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്.