ആശങ്ക പരിഹരിക്കണം: മാർ ജോസഫ് പാംപ്ലാനി
1339695
Sunday, October 1, 2023 7:22 AM IST
തളിപ്പറമ്പ്: കാർഷിക കേന്ദ്രങ്ങളെ കീറിമുറിച്ചു കടന്നുപോകുന്ന നിർദിഷ്ട കരിന്തളം-വയനാട് 400 കെവി ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാനും ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും സർക്കാർ തയാറാകണമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരി അതിരൂപതയുടെ പതിനെട്ടാമത് പാസ്റ്ററൽ കൗൺസിലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്.
കരിന്തളം മുതൽ വയനാട് വരെയുള്ള 125 കിലോമീറ്റർ ദൂരത്തിലുള്ള പദ്ധതിക്കു കീഴിൽ വരുന്ന കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ കർഷകരും ഭൂവുടമകളും നഷ്ടപരിഹാരം ഉൾപ്പെടെയുള്ളവയിൽ കൃത്യതയില്ലാത്തിൽ കടുത്ത ആശങ്കയിലാണ്. ഇവിടത്തെ കർഷകരാരും നാടിന്റെ വികസന പ്രവർത്തനക്കൾക്ക് എതിരല്ല. അതേസമയം ഇരകളാകുന്ന സ്ഥലം ഉടമകളെ വഴിയാധാരമാക്കാൻ അനുവദിക്കില്ല. വിപണി വില അടിസ്ഥാനമാക്കി ദേശീയപാത, കണ്ണൂർ വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ മാതൃകയിൽ നഷ്ടപരിഹാരം നൽകണം.
ന്യായവില അടിസ്ഥാനമാക്കി എന്തെങ്കിലും തുച്ഛമായ പണം നൽകി കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ഒരു കാരണവശാലം സമ്മതിക്കില്ല. കൃഷിഭൂമിക്കും വീടുകൾക്കും പരമാവധി നാശം കുറയ്ക്കാൻ സാധിക്കും വിധം അലൈൻമെന്റിൽ മാറ്റം വരുത്താനുള്ള സാധ്യത ബന്ധപ്പെട്ടവർ പരിശോധിക്കണം. മതിയായ നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ കൃഷി ഭൂമിയിൽ പ്രവേശിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥരെ അനുവദിക്കുകയുള്ളൂവെന്നും ആർച്ച് ബിഷപ് പറഞ്ഞു.
അതിരൂപത കർഷകർക്കു വേണ്ടി നിരന്തരം ആവശ്യപ്പെട്ടിരുന്ന ആനമതിൽ നിർമാണം തുടങ്ങിയ സർക്കാരിനെ പാസ്റ്ററൽ കൗൺസിൽ അഭിനന്ദിക്കുന്നുവെന്നും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്ന കാര്യം ഉറപ്പാക്കണമെന്നും മാർ ജോസഫ് പാംപ്ലാനി ആവശ്യ പ്പെട്ടു.
അതിരൂപത പ്ലാറ്റിനം പദ്ധതികളുടെ പ്രഖ്യാപനവും ആർച്ച് ബിഷപ് നിർവഹിച്ചു.വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ.ജോസഫ് ഒറ്റപ്ലാക്കൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ, പ്രൊക്കുറേറ്റർ ഫാ. ജോസഫ് കാക്കരമറ്റം, സജീവ് ജോസഫ് എംഎൽഎ, ഫാ. പയസ് പടിഞ്ഞാറേമുറിയിൽ, ബെന്നി പുതിയാംപുറം, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
ദീപിക ഡയറക്ടർ ബോർഡ് അംഗങ്ങളായ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി, ഡെന്നി തോമസ് വട്ടക്കുന്നേൽ എന്നിവരെയും സെൻട്രൽ ടാക്സ് ആൻഡ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ബേബി പള്ളിപ്പാടൻ, എകെസിസി ഗ്ലോബൽ ഡയറക്ടറായി നിയമിതനായ റവ. ഡോ. ഫിലിപ്പ് കവിയിൽ, മിഷൻലീഗ് പുരസ്കാരം നേടിയ ഏലിക്കുട്ടി എടാട്ട് എന്നിവരെ ആദരിച്ചു.