ഒന്നാംപ്രതിക്ക് ജീവപര്യന്തം; രണ്ടാംപ്രതിക്ക് അഞ്ചുവര്‍ഷം തടവ്
1339697
Sunday, October 1, 2023 7:22 AM IST
കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഹോം നഴ്സിംഗ് സ്ഥാപനം നടത്തിയിരുന്ന തൃക്കരിപ്പൂര്‍ ഒളവറയിലെ രജനിയെ (35) കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി നീലേശ്വരം കണിച്ചിറ സ്വദേശി സതീശന് (41) ജീവപര്യന്തം തടവ്. രണ്ടാംപ്രതി വടകര ചോളംവയലിലെ ബെനഡിക്ട് ജോണ്‍ എന്ന ബെന്നി (60)യെ അഞ്ചുവര്‍ഷം തടവിനും ശിക്ഷിച്ചു. ഒന്നാംപ്രതിക്ക് രണ്ടുലക്ഷം രൂപയും രണ്ടാം പ്രതിക്ക് ഒരു ലക്ഷം രൂപ പിഴശിക്ഷയും കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) വിധിച്ചു.
ഒന്നാംപ്രതി സതീശന് രജനിയുടെ സ്ഥാപനത്തിന്റെ പാര്‍ട്ണറും രണ്ടാംപ്രതി സ്ഥാപനവുമായി ബന്ധപ്പെട്ട ട്രസ്റ്റിന്റെ പ്രസിഡന്റുമായിരുന്നു. 2014 സെപ്റ്റംബര്‍ 12 നാണ് രജനിയെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവ് കണ്ണന് ചന്തേര പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് രജനിയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സതീശനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇരുനില കെട്ടിടത്തിലാണ് രജനിയും സതീശനും ചേര്‍ന്ന് ഹോംനഴ്സിംഗ് സ്ഥാപനം നടത്തിയിരുന്നത്. ഇരുവരും തമ്മില്‍ പല സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സതീശന് രജനിക്ക് വിവാഹവാഗ്ദാനവും നല്‍കിയിരുന്നതായി പറയപ്പെടുന്നു. പിന്നീട് അയാള്‍ ഇതില്‍നിന്നും പിന്മാറിയതുമായി ബന്ധപ്പെട്ട് രാത്രിയില്‍ ഈ മുറിയില്‍വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. അടിയേറ്റ് തെറിച്ചുവീണ് അബോധാവസ്ഥയിലായ രജനിയെ സതീശന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
മൃതദേഹം മുറിയില്‍ തന്നെ സൂക്ഷിച്ചുവച്ച് ബെന്നിയെ വിവരമറിയിക്കുകയും സെപ്റ്റംബര്‍ 14 ന് പുലര്‍ച്ചെ ഇയാളുടെ സഹായത്തോടെ കണിച്ചിറയില്‍ സതീശന് മുമ്പ് താമസിച്ചിരുന്ന വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ കുഴിച്ചുമൂടുകയുമായിരുന്നു. സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 20 നാണ് മൃതദേഹം ഇവിടെനിന്ന് പുറത്തെടുത്തത്. നീലേശ്വരം പോലീസ് ഇന്‍സ്പെക്ടറായിരുന്ന യു. പ്രേമനാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റുചെയ്തത്. 2014 ഡിസംബര്‍ 23 ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 47 സാക്ഷികളെ കോടതി വിസ്തരിച്ചു. 92 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഇ. ലോഹിതാക്ഷന്, പി. രാഘവന് എന്നിവര്‍ ഹാജരായി. ആദ്യം പരാതി നല്കിയ രജനിയുടെ പിതാവ് കണ്ണന് രജനി മരിച്ച് 41-ാം നാളില്‍ മരിച്ചു. 75 വയസുള്ള അമ്മ ജാനകിയാണ് ഇപ്പോള്‍ ഒളവറയിലെ വീട്ടിലുള്ളത്.