വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഉദ്ഘാടനം നാളെ ചെറുപുഴയിൽ
1373613
Sunday, November 26, 2023 8:27 AM IST
കണ്ണൂർ: കേന്ദ്ര ഗവൺമെന്റിന്റെ വികസന ക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പരിചയപ്പെടുത്തുക എന്ന ലക്ഷൃത്തോടെ സംഘടിപ്പിക്കുന്ന വികസിത ഭാരത് സങ്കല്പ് യാത്രയ്ക്ക് നാളെ ജില്ലയിൽ തുടക്കമാകും. ചെറുപുഴയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ മൂന്നു മേഖലകളായി തിരിച്ച് സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ 15ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അട്ടപ്പാടിയിൽ നിർവഹിച്ചിരുന്നു.
ചെറുപുഴയിൽ ആരംഭിക്കുന്ന യാത്ര ജില്ലയിലെ എഴുപത്തൊന്ന് ഗ്രാമ പഞ്ചായത്തുകളിലെ ഒരു കേന്ദ്രത്തിൽ വീതം പര്യടനം നടത്തും. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിലാണ് പ്രചാരണ പരിപാടി.
കാർഷിക മേഖലയിൽ നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുപുഴയിൽ കർഷകർക്കായി പ്രത്യേക ഡ്രോൺ പ്രദർശിപ്പിക്കും.
പ്രധാനമന്ത്രി ഉജ്വല യോജന ഗുണഭോക്താ ക്കൾക്കായി സൗജന്യ ഗ്യാസ് കണക് ഷൻ വിതരണം, ആധാർ സേവനങ്ങൾ, ജനസുരക്ഷ ക്യാമ്പ് തുടങ്ങിയവയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. നബാർഡ്, കൃഷി വിജ്ഞാൻ കേന്ദ്ര, തപാൽ, കൃഷി വകുപ്പുകൾ, ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയവ പരിപാടിയിൽ പങ്കെടുക്കും.
ജനക്ഷേമ പദ്ധതികളെക്കുറിച്ച് വിവര വിനിമയത്തിനൊപ്പം വിവിധ പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നന്നതിനും നടപടികളുണ്ടാകും. യാത്രക്കായി പ്രത്യേകം സജ്ജീകരിച്ച വിവര വിദ്യാഭ്യാസ വിനിമയ വാഹനത്തിൽ പദ്ധതികൾ സംബന്ധിച്ച വിവരങ്ങളും ഗുണഭോ ക്താക്കളുടെ അനുഭവ വിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലീഡ് ഡിസ്ട്രിക്ട് മാനേജർ ഇ. പ്രശാന്ത്, കാനറാ ബാങ്ക് എജിഎം എ.യു. രാജേഷ്, പയ്യന്നൂർ ബ്ലോക്ക്തല ബാങ്കേഴ്സ് കമ്മിറ്റി കൺവീനർ അൽബിൻ ജേക്കബ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.