രാജ്യത്തിന്റെ സന്പത്തുകൾ മുതലാളിമാർക്ക് കൈമാറുന്നു: വിജയരാഘവൻ
1373621
Sunday, November 26, 2023 8:27 AM IST
കൂത്തുപറമ്പ്: രാജ്യത്തിന്റെ പൊതുസമ്പത്തുകൾ ഓരോന്നും നരേന്ദ്ര മോദിയുടെ കാർമികത്വത്തിൽ ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തിൽ മുതലാളിമാർക്ക് കൈമാറുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാധ്യമങ്ങളെ കൂട്ട്പിടിച്ച് വലിയ പ്രചരണമാണ് നരേന്ദ്രമോദിയും കൂട്ടരും തടത്തുന്നതെന്നും, ഇടതുപക്ഷ അടിത്തറ തകർക്കാനുള്ള ശ്രമങ്ങളും പല ഭാഗത്ത് നിന്നും നടക്കുന്നുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
ഇരുപത്തി ഒന്‍പതാമത് കൂത്തുപറമ്പ് രക്തസാക്ഷി ദിനനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കെ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ് വി. വസീഫ്, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, നേതാക്കളായ പി. ജയരാജൻ, വത്സൻ പനോളി, എം. സുരേന്ദ്രൻ, സരിൻ ശശി, ടി. ബാലൻ, മുഹമ്മദ് അഫ്സൽ, എം. ഷാജർ, കെ. ലീല, വി. ഷിജിത്ത്, കെ. ഷിബിന, ടി. മിഥുൻ തുടങ്ങിയവർ സംബന്ധിച്ചു.
അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി ദീപശിഖ പ്രയാണവും യുവജനറാലിയും നടന്നു. അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ വെടിയേറ്റു വീണ സ്ഥലങ്ങളിൽ നിന്നും കൊളുത്തിയ ദീപശിഖകൾ അത്ലറ്റുകൾ ഏറ്റുവാങ്ങി തൊക്കിലങ്ങാടിയിൽ എത്തിച്ചു. തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് യുവജനറാലിയും ദീപശിഖ പ്രയാണവും നടന്നു.