അപകടകരം..! ഈ പാലത്തിലെ യാത്ര
1373626
Sunday, November 26, 2023 8:27 AM IST
ഇരിട്ടി: ആറളം പഞ്ചായത്തിലെ ഏച്ചില്ലം തോട്ടുകടവിലെ 50 വർഷത്തോളം പഴക്കംചെന്ന പാലം അപകടാവസ്ഥയിൽ. കാലപ്പഴക്കത്തിൽ പാലത്തിന്റെ കരിങ്കൽ ഭിത്തികൾ തകർന്നതോടെ പാലത്തിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാകുന്നു. എടൂർ-പോസ്റ്റോഫീസ്-ഏച്ചില്ലം വഴിയും ഇരിട്ടി- ജബ്ബാർകടവ് വഴിയും ആറളത്തേക്ക് ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയിലെ പാലമാണിത്.
സ്കൂൾ വിദ്യാർഥികളെ കയറ്റി പോകുന്ന വാഹനങ്ങളും ഈ അപകടം നിറഞ്ഞ പാലത്തിലൂടെ വേണം കടന്നുപോകാൻ. പാലത്തിന്റെ ഒരുഭാഗത്തെ കൈവരികൾ തകർന്നതോടെ കാൽനടയാത്രക്കാരും ദുരിതത്തിലാണ്. കാൽനട യാത്രക്കാർ പാലത്തിലൂടെ കടന്നുപോകുമ്പോൾ വാഹനം വന്നാൽ ഓടിമാറിയില്ലെങ്കിൽ അപകടത്തിൽപെടുന്ന സാഹചര്യമാണ്. അല്പമൊന്ന് ശ്രദ്ധ പാളിയാൽ തോട്ടിൽ വീണ് അപകടം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുറോഡിൽ പുതിയ പാലം നിർമിക്കാൻ തുക അനുവദിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ നാട്ടിൽ നേരത്തെ പ്രത്യക്ഷപെട്ടിരുന്നു. മാസങ്ങൾക്ക് മുൻപ് ബാനർ പ്രത്യക്ഷപെട്ടതോടെ പുതിയ പാലം പ്രതീക്ഷിച്ചിരുന്ന പ്രദേശവാസികൾ പാലത്തിന്റെ ജോലികൾ ആരംഭിക്കാതെ വന്നതോടെ നിരാശയിൽ ആയിരിക്കുകയാണ്.
പാലത്തിന് തുക അനുവദിച്ചെങ്കിലും എസ്റ്റിമേറ്റ് പ്രകാരം ആദ്യം അനുവദിച്ച തുക അപര്യാതം ആയതോടെയാണ് അപകടത്തിലായ പാലംപണി ഉപേക്ഷിക്കേണ്ടി വന്നത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പാലത്തിന് തുക അനുവദിച്ചിട്ടുണ്ടെന്നും ഉടൻ ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമാണം തുടങ്ങുമെന്നും പറയുന്നു.