കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ഗുരുതരപരിക്ക്
1374463
Wednesday, November 29, 2023 7:56 AM IST
ഇരിട്ടി: എടൂർ ഉരുപ്പുംകുണ്ടിൽ കൃഷിയിടത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി തൊഴിലാളിക്ക് ഗുരുതര പരിക്ക്. വെള്ളരിവയൽ മഠത്തിൽ കുടുന്പിൽ കോളനിയിലെ നാരായണ (55)നാണ് സാരമായി പരിക്കേറ്റത്. അദ്ദേഹത്തെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം.
എടൂർ ഉരുപ്പുംകുണ്ടിലെ വലിയകണ്ടത്തിൽ ടെഡ്സ് എന്നയാളുടെ റബർ തോട്ട ത്തിൽ നാരായണും ബിനുവും ചേർന്ന് റബറിന് വളം ഇട്ടുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു പന്നിയുടെ ആക്രമണം.
പന്നി പാഞ്ഞടുത്തപ്പോൾ ബിനു റബർ മരത്തിൽ കയറി രക്ഷപ്പെട്ടെങ്കിലും നാരായണന് രക്ഷപ്പെടാ നുള്ള സാവകാശം ലഭിക്കുന്നതിന് മുന്പ് പന്നി ആക്രമിക്കുകയായിരുന്നു. ബിനുവും അല്പം മാറി ജോലി ചെയ്തിരുന്ന ബിനുവിന്റേയും നാരായണന്റേയും ഭാര്യമാരും ബഹളം വച്ച് പന്നിയെ തുരത്തിയാണ് ശേഷമാണ് നാരായണനെ രക്ഷിച്ചത്.
ഇരുകൈകൾക്കും കാലിനും അരക്കെട്ടിനും ഗുരുതരമായി പരിക്കേറ്റ നാരായണനെ ആദ്യം എടൂരിലെ സ്വകാര്യ ആശുപത്രിയിലെ പ്രഥമ ചികിത്സയ്ക്ക് ശേഷമാണ് കണ്ണൂരിലേക്കു മാറ്റിയത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്തംഗങ്ങളായ ബിജു കുറ്റിക്കാട്ട്, ജെസി റെജി ഉമ്മികുഴി എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.