കേന്ദ്രമന്ത്രി ഇടപെട്ടു; നികുതിവെട്ടിപ്പിൽ ഹൈറിച്ചിനെതിരേ അന്വേഷണം
1374759
Thursday, November 30, 2023 8:41 AM IST
പയ്യന്നൂര്‍: ഹൈറിച്ചിന്റെ പേരില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഇടപെടല്‍. പയ്യന്നൂരിലെ രാജന് സി.നായരുടെ പരാതിയിലാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാറാമിന്റെ നടപടി.
പരാതി സംബന്ധിച്ച് അന്വേഷിക്കാൻ കേന്ദ്ര ധനമന്ത്രി കൊച്ചിയിലെ ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർക്ക് നിർദേശം നൽകി. ദാസന് പ്രതാപനും സീന പ്രതാപനും ഉടമകളായുള്ള ഹൈറിച്ചിലൂടെപണക്കാരായി മാറിയ ഓടന്തോട് സ്വദേശിയും കണ്ണപുരം സ്വദേശിയും പ്രതിമാസം 52 ലക്ഷത്തോളം വരുമാനം നേടിയപ്പോഴും നികുതി അടച്ചില്ലെന്നു കാണിച്ചാണ് കേന്ദ്ര ധനമന്ത്രിക്ക് രാജൻ സി. നായർ പരാതി നൽകിയത്. രണ്ടുകോടിയിലധികം ചെലവിലുള്ള വീടുകളുടെ നിര്‍മാണം നടക്കുന്നതായും മൂന്നുമുതല്‍ അഞ്ചുവരെ ആഡംബര വാഹനങ്ങളുള്ളതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
തൃശൂര്‍ ആസ്ഥാനമായി ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയുണ്ടാക്കി സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുന്നതായി നേരത്തെ രാജന് സി.നായര്‍ നല്കിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.
അതിനിടയിലാണ് കമ്പനിയിലൂടെ കോടികള്‍ സമ്പാദിച്ചുവെന്ന് വെളിപ്പെടുത്തിയ സാരഥികള്ക്കെതിരേയുള്ള അന്വേഷണവും തുടങ്ങുന്നത്.